വി.എസിന്റ കാലം കഴിഞ്ഞു: ടി.ജെ ചന്ദ്രചൂഢന്‍
Kerala
വി.എസിന്റ കാലം കഴിഞ്ഞു: ടി.ജെ ചന്ദ്രചൂഢന്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th November 2013, 11:14 pm

[]കൊച്ചി: തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞെന്ന് ആര്‍.എസ്.പി.സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍.

യു.ഡി. എഫ് സര്‍ക്കാര്‍ 2014വരെ മാത്രമേ നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.””വി.എസിന്റെ കാലം കഴിഞ്ഞു. ഇനി അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്”.

ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തുനിയരുത് എന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായം”. അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് 2014വരെ മാത്രമേ ആയുസുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. “2014 വരെയേ യു.ഡി.എഫ് സര്‍ക്കാറിന് ആയുസുള്ളൂ.

എന്നാല്‍ എല്ലാ കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തില്‍ വരൂ എന്നില്ല. യു.ഡി.എഫില്‍ പിളര്‍പ്പ് ഉണ്ടായാല്‍ പ്രതിപക്ഷം ധര്‍മ്മം  നിര്‍വ്വഹിക്കും. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായാല്‍ ഉത്തരം കണ്ടെത്തേണ്ട ജോലി എല്‍.ഡി.എഫ് ഏറ്റെടുക്കും”.

മുതിര്‍ന്ന നേതാവായ വി.പി.രാമകൃഷ്ണപിള്ളക്കെതിരെ നിശിത വിമര്‍ശനമാണ് ആര്‍.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഴിച്ച് വിട്ടത്. പാര്‍ട്ടിയെ ഈ പടുതിയിലാക്കിയതിന്റെ ഉത്തരവാദിത്വം വി.പി.ആറിനാണെന്നും പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണം വി.പി.ആറിന്റെ വ്യക്തിതാല്‍പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

“പാര്‍ട്ടിയെ ഈ പടുതിയിലെത്തിച്ചതിന്റെ ഉത്തരവാദിത്വം വി.പി.ആറിനാണ്. രാമകൃഷ്ണപിള്ള വീണ്‍ വാക്കുകള്‍ പറയുന്നത് എന്തിനെന്നറിയില്ല. ആരുടെയൊക്കെയോ പ്രലേഭനങ്ങളാണ് രാമകൃഷ്ണപിള്ളയെ കൊണ്ടിങ്ങനെയൊക്കെ പറയിക്കുന്നത്.

പാര്‍ട്ടിയില്‍ വീണ്ടും വിള്ളലുണ്ടാക്കാനാണ് വി.പി.ആറിന്റെ ശ്രമം. പാര്‍ട്ടിയെ പിളര്‍ത്തിയത് വ്യക്തി താല്‍പര്യമാണ് എന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്”. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ വ്യക്തിതാല്‍പര്യമാണ് പാര്‍ട്ടിയെ പിളര്‍ത്തിയത് എന്ന് പറഞ്ഞാലേ പൂര്‍ണമാവുകയുള്ളൂവെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

ആര്‍.എസ്.പി വിട്ട് പോയവരെ തിരികെ കൊണ്ട് വരാന്‍ നീക്കമില്ലെന്നും ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയരുതെന്ന് വി.പി.രാമകൃഷ്ണനേട് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്‌സ് അവര്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. തന്റെ എണ്‍പതാം പിറന്നാളോഘോഷ വേളയില്‍ പാര്‍ട്ടിവിട്ട് പോയവരെല്ലാം തിരികെ വരണമെന്ന് ആഗ്രഹം രാമകൃഷ്ണപിള്ള പ്രകടിപ്പിച്ചിരുന്നു.

ഇതാണ് സംസ്ഥാന സെക്രട്ടറിയായ ചന്ദ്രചൂഢനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ സെക്രട്ടറിക്കേ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.