സുരേഷ് ഗോപിയും കുടുംബവും ലോക്‌സഭയിലേക്ക് വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും; ചോദ്യം ചെയ്ത് വി.എസ് സുനില്‍ കുമാര്‍
Kerala
സുരേഷ് ഗോപിയും കുടുംബവും ലോക്‌സഭയിലേക്ക് വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും; ചോദ്യം ചെയ്ത് വി.എസ് സുനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 10:32 pm

തൃശൂര്‍: കേവലം ഒരു വര്‍ഷം മുമ്പ് മാത്രം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വാര്‍ഡില്‍ വോട്ട് ചെയ്തതിനെ ചോദ്യം ചെയ്ത് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2024ല്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശേരിയിലാണ് വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ 2025 ആയപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ തിരുവനന്തപുരത്തെ ശാസ്തമംഗലം വാര്‍ഡിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് സുമില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും മറുപടി നല്‍കണമെന്ന് വി.എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

VS Sunil Kumar asks about  Suresh Gopi and his family 's  vote

സുരേഷ് ഗോപിയും കുടുംബവും ശാസ്തമംഗലത്ത് വോട്ട് ചെയ്യാനെത്തിയപ്പോള്‍Photo: Samalalikamalayalam/web

വി.എസ്. സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തിയതും വോട്ട് ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഇത് ഇലക്ഷന്‍ കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി നല്‍കണം. മറുപടിയുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ എതിരാളിയായി മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വി.എസ്. സുനില്‍ കുമാര്‍. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.

എന്‍.എ.യുടെ വിജയത്തിന് പിന്നാലെ തന്നെ നിരവധി വോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരെയുള്‍പ്പെടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചെന്ന ആരോപണവും ശക്തമായിരുന്നു.

3,37,652 വോട്ട് നേടിയ സുനില്‍ കുമാറായിരുന്നു രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നിട്ടും യു.ഡി,എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Content Highlight: VS Sunil Kumar asks about  Suresh Gopi and his family ‘s  vote