കൊവിഡ്; മരണപ്പെട്ടയാള്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു; കേരളത്തില്‍ എത്തിയത് തന്നെ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
Kerala
കൊവിഡ്; മരണപ്പെട്ടയാള്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു; കേരളത്തില്‍ എത്തിയത് തന്നെ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 12:24 pm

കളമശേരി: കളമശേരിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട 69 കാരന്‍ കടുത്ത ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഹൈ റിസ്‌ക്കില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് 22 ാം തിയതി തന്നെ ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധ ഉണ്ടായിരുന്നു.

നോര്‍മല്‍ രോഗിയാണെങ്കില്‍ പോലും ന്യൂമോണിയ ബാധിച്ചാല്‍ സാധാരണ നിലയില്‍ മരണം സംഭവിക്കും. കൊവിഡ് മരണം ആണെങ്കില്‍ പോലും ആശങ്കപ്പെടേണ്ട.

നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് ഇദ്ദേഹം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച വ്യക്തിയെന്ന നലിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മെഡിക്കല്‍ ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.

ഇത് അപ്രതീക്ഷിത സംഭവമല്ല. പക്ഷേ ദു:ഖകരമാണ്. മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ മറവുചെയ്യാനാണ് തീരുമാനം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.