റെഡ് സല്യൂട്ട്; വി.എസിനെ അവസാനമായി കാണാന്‍ തടിച്ചുകൂടി ആയിരങ്ങള്‍
VS achuthanandhan
റെഡ് സല്യൂട്ട്; വി.എസിനെ അവസാനമായി കാണാന്‍ തടിച്ചുകൂടി ആയിരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd July 2025, 10:49 pm

ആറ്റിങ്ങല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുന്നോട്ട് നീങ്ങുകയാണ്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വി.എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്.

നിരവധി ആളുകളാണ് വി.എസിനെ കാണാന്‍ പൊതുനിരത്തിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയിരിക്കുന്നത്. കണ്ണേ കരളേ വി.എസ്സേ തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ വി.എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത്.

തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ഇന്നലെ എ.കെ.ജി സെന്ററിലും ഇന്ന് ദര്‍ബാര്‍ ഹാളിലുമായി ആയിരക്കണക്കിന് ആളുകളാണ് വി.എസിനെ അവസാനമായി കാണാനെത്തിയത്.

എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വി.എസിന്റെ വിലാപയാത്ര ആറ്റിങ്ങലിന്റെ മണ്ണിലേക്ക് കടക്കുന്നതേയുള്ളു. വി.എസിനെ കാണാന്‍ ഇനിയങ്ങോട്ടും ആയിരങ്ങള്‍ തടിച്ചുകൂടുമെന്നാണ് നിഗമനം.

നാളെ (ബുധന്‍) വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കും. പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഭൗതികശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്ന ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 3.20ഓടെയായിരുന്നു വി.എസിന്റെ മരണം. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ ഒന്നിലധികം തവണ വി.എസിന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു. ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിവിത്തതിനാണ് വി.എസിന്റെ മരണത്തിലൂടെ തിരശ്ചീല വീണിരിക്കുന്നത്.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20ന് തിരുവിതാംകൂറിലെ ആലപ്പുഴയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ചു. നാല് വയസുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. തുടര്‍ന്ന് 11 വയസില്‍ പിതാവിനെയും നഷ്ടപ്പെട്ടു. ഇതോടെ ഏഴാം ക്ലാസിന് ശേഷം അദ്ദേഹത്തിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) അംഗമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്.

1957ല്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തുപോയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു അദ്ദേഹം.

Content Highlight: Red Salute; Thousands gather to see VS for the last time