വി.എസിനെ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാകില്ല; വ്യാജപ്രചരണങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍
VS achuthanandhan
വി.എസിനെ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാകില്ല; വ്യാജപ്രചരണങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd July 2025, 4:44 pm

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍.

2010ല്‍ എല്‍.ഡി.എഫിനെ കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയുടെ ഒരു ഭാഗം ഒഴിവാക്കി വി.എസിനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് നീതികരിക്കാനാകില്ലെന്ന് എം.സി.എ നാസര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.സി.എ നാസറിന്റെ പ്രതികരണം.

2010 ജൂലൈയില്‍ ദല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടിയാണ് വി.എസിന്റെ വിയോഗ വേളയിലും തെറ്റായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതെന്ന് എം.സി.എ നാസര്‍ പറഞ്ഞു.

വി.എസ് അന്ന് നല്‍കിയ മറുപടി സംഘപരിവാര്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക അക്കാലത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ പേടിച്ചത് തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ മേഖലയായി മാറുമെന്ന് വി.എസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ചിലരുടെ അവകാശവാദം. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോട്ടയത്ത് നടന്ന പരിപാടിയില്‍ സംഘപരിവാര്‍ വാദം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തീവ്രസംഘടനയായ എന്‍.ഡി.എഫിന്റെ ഗൂഡലക്ഷ്യങ്ങളെ കുറിച്ചാണ് വി.എസ് അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പക്ഷെ നാസർ അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് വി.എസ് നല്‍കിയ മറുപടിയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഏതാനും കേന്ദ്രങ്ങൾ വ്യാജപ്രചരണങ്ങൾ നടത്തുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘2010 July 24. ആ ദിവസം മറക്കില്ല. ദല്‍ഹിയില്‍ ‘മാധ്യമ’ത്തിന്റെ റിപ്പോര്‍ട്ടറാണ് ഞാന്‍. വൈകീട്ട് ദല്‍ഹി കേരള ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദന്റെ വാര്‍ത്താസമ്മേളനം. തൊട്ടടുത്തുള്ള റാഫി മാര്‍ഗിലെ ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ നിന്ന് നേരത്തെ തന്നെ അവിടെയെത്തി. വളരെ ഉന്മേഷഭരിതനായാണ് വി.എസ് വന്നുകയറിയത്. ദല്‍ഹിയില്‍ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള സമയം.

ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിന് കേരളത്തില്‍ എന്‍.ഡി.എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാര്‍ത്തയായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് വി.എസിനോട് ഞാന്‍ ചോദ്യം ചോദിച്ചത്. എന്‍.ഡി.എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ട് തന്നെയായിരുന്നു എന്റെ ചോദ്യം. എന്‍.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് വി.എസ് അന്ന് അതിന് മറുപടി നല്‍കിയതും. വളരെ വിശദമായി വി.എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താത്പര്യമുള്ള ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കണം വി.എസ് വിശദ മറുപടി പറഞ്ഞത്. ഒരു പക്ഷെ, ആ മറുപടി സംഘ്പരിവാര്‍ മറ്റു വിധത്തില്‍ ദുരുപയോഗം ചെയ്‌തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു.

വി.എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി.എസിനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി.എസിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍.ഡി.എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വി.എസിനെ തികഞ്ഞ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല,’ എം.സി.എ നാസര്‍ പറഞ്ഞു.

Content Highlight: Depicting VS as anti-Muslim cannot be justified; Journalist in false propaganda