നടിപ്പ് ചക്രവര്‍ത്തിയെ മറികടക്കാന്‍ 'ഗോഡ് ഓഫ് ആക്ടിങ്ങി'ന് സാധിച്ചില്ല, ആദ്യദിനം ഒരുകോടി പോലും നേടാനാകാതെ പാന്‍ ഇന്ത്യന്‍ വൃഷഭ
Indian Cinema
നടിപ്പ് ചക്രവര്‍ത്തിയെ മറികടക്കാന്‍ 'ഗോഡ് ഓഫ് ആക്ടിങ്ങി'ന് സാധിച്ചില്ല, ആദ്യദിനം ഒരുകോടി പോലും നേടാനാകാതെ പാന്‍ ഇന്ത്യന്‍ വൃഷഭ
അമര്‍നാഥ് എം.
Friday, 26th December 2025, 3:23 pm

ഈ വര്‍ഷം ആദ്യപകുതിയില്‍ കൈപ്പിടിയിലാക്കാവുന്ന എല്ലാ റെക്കോഡും സ്വന്തം പേരിലാക്കിയ മോഹന്‍ലാലിന് രണ്ടാം പകുതി അത്രകണ്ട് സുഖകരമല്ലായിരുന്നു. അതിഥിവേഷം ചെയ്ത രണ്ട് സിനിമകളും നായകനായ അന്യഭാഷാ സിനിമയും ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരിക്കുകയാണ്. അതിഥിവേഷത്തിലെത്തിയ ഭ ഭ ബക്ക് പിന്നാലെ നായകനായെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

70 കോടി ബജറ്റിലെത്തിയ ചിത്രം ആദ്യദിനം തന്നെ പലയിടത്ത് നിന്നും വാഷൗട്ടായെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കില്‍ ഒരുങ്ങിയ ചിത്രം ആദ്യദിനം വെറും 45 ലക്ഷം മാത്രമാണ് നേടിയതെന്നാണ് ട്രാക്കര്‍മാര്‍ പുറത്തുവിട്ട വിവരം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ്ങില്‍ വൃഷഭയും ഉള്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതോടെ മറ്റൊരു ചര്‍ച്ചക്കും തുടക്കമായിരിക്കുകയാണ്.

വൃഷഭ Phot: Screen grab/ T Series Malayalam

ഈ വര്‍ഷം അന്യഭാഷയില്‍ അഭിനയിച്ച മറ്റൊരു മലയാളി താരം ദുല്‍ഖറിനെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചര്‍ച്ചയാണ് ശ്രദ്ധ നേടിയത്. ദുല്‍ഖര്‍ നായകനായ കാന്താ ആദ്യദിനം 10 കോടിക്കുമുകളില്‍ നേടിയിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന് ‘നടിപ്പ് ചക്രവര്‍ത്തി’ എന്നായിരുന്നു ടൈറ്റില്‍ നല്‍കിയത്. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ഈ ടൈറ്റില്‍ ചര്‍ച്ചയായി മാറി.

വൃഷഭയിലും ഇതുപോലൊരു ടൈറ്റില്‍ മോഹന്‍ലാലിന് നല്‍കിയിരുന്നു. ‘ഗോഡ് ഓഫ് ആക്ടിങ്, ദി കംപ്ലീറ്റ് സ്റ്റാര്‍’ എന്ന ടൈറ്റില്‍ അനിമേഷനിലൂടെ അവതരിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ ഈ ടൈറ്റിലിനോട് ഒട്ടും നീതിപുലര്‍ത്താന്‍ കഥയ്‌ക്കോ അണിയറപ്രവര്‍ത്തകര്‍ക്കോ സാധിച്ചിട്ടില്ല.

കാന്താ Phot: Screen grab/ Wayfarer films

അന്യഭാഷയില്‍ സിനിമ ചെയ്യുന്നതിനോടൊപ്പം അവിടെ ഇംപാക്ടുണ്ടാക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ദുല്‍ഖര്‍ ആരാധകര്‍ മോഹന്‍ലാലിന്റെ ആരാധകരെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള കുറിപ്പുകളും ഇതിനോടകം വൈറലായി. ദുല്‍ഖര്‍ നായകനായ സീതാ രാമം 94 കോടിയും ലക്കി ഭാസ്‌കര്‍ 100 കോടിയും നേടിയിരുന്നു. ഈ സ്വീകാര്യത മോഹന്‍ലാലിന് നേടാന്‍ സാധിച്ചില്ലെന്നാണ് ദുല്‍ഖര്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലാത്ത ചിത്രമായിരുന്നു വൃഷഭ. കൊവിഡ് സമയത്ത് കമ്മിറ്റ് ചെയ്ത പ്രൊജക്ട് 2022ലാണ് ഷൂട്ട് ആരംഭിച്ചത്. ചിത്രീകരണം പകുതിയായപ്പോള്‍ നായകന്മാരിലൊരാളായ റോഷന്‍ പിന്മാറുകയും പിന്നീട് സമര്‍ജിത് ലങ്കേഷ് ചിത്രത്തിലേക്ക് എത്തുകയും ചെയ്തു. നല്ലൊരു ത്രെഡ് ലഭിച്ചിട്ടും അതിനെ മികച്ച സിനിമയാക്കാന്‍ സംവിധായകന് സാധിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Vrushabha opening day collection is just 45 lakhs

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം