എലോണിനെ മറികടന്നു, 70 കോടി ബജറ്റില്‍ രണ്ട് കോടി മാത്രം നേടി കളം വിട്ട് വൃഷഭ
Malayalam Cinema
എലോണിനെ മറികടന്നു, 70 കോടി ബജറ്റില്‍ രണ്ട് കോടി മാത്രം നേടി കളം വിട്ട് വൃഷഭ
അമര്‍നാഥ് എം.
Friday, 2nd January 2026, 10:15 pm

ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലാതിരുന്ന മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു വൃഷഭ. മൂന്ന് വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രം മുടക്കുമുതലിന്റെ പത്തിലൊന്ന് പോലും നേടാതെയാണ് കളംവിടുന്നത്. ഡിസംബര്‍ മാസത്തെ ബിഗ് ബജറ്റ് ശാപം ഇത്തവണയും മോഹന്‍ലാലിനെ വിടാതെ പിന്തുടരുകയാണ്.

ആദ്യദിനം തന്നെ പലയിടത്തും വാഷൗട്ടായ വൃഷഭയുടെ ഫൈനല്‍ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. രണ്ട് കോടി രൂപയാണ് ചിത്രം ആകെ നേടിയത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ പരാജയങ്ങളിലൊന്നായ എലോണിന്റെ കളക്ഷന്‍ വൃഷഭ മറികടന്നിരിക്കുകയാണ്. 80 ലക്ഷം മാത്രമായിരുന്നു എലോണ്‍ നേടിയത്.

പോസ്റ്റ് കൊവിഡ് ഘട്ടത്തില്‍ മോഹന്‍ലാലിന്റെ ഏറ്റവും താഴ്ന്ന കളക്ഷനാണിത്. ഈ ചിത്രത്തിന്റെ കളക്ഷന്‍ ഏത് സിനിമയാകും മറികടക്കുക എന്നായിരുന്നു പലരും ചിന്തിച്ചത്. ഒടുവില്‍ വൃഷഭ അതിനുള്ള ഉത്തരമായി മാറി. നിര്‍മാതാവിന് തിയേറ്റര്‍ റൈറ്റ്‌സിലൂടെ അത്യാവശ്യം നല്ല തുക ലഭിച്ചിട്ടുണ്ടെങ്കിലും വിതരണക്കാര്‍ക്ക് ചിത്രം വന്‍ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.

ഒരുരൂപ പോലും ഷെയര്‍ ലഭിക്കാത്ത ചിത്രമായി വൃഷഭ മാറിയെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എലോണിനും സമാന അവസ്ഥയായിരുന്നു. ഒ.ടി.ടിക്ക് വേണ്ടി നിര്‍മിച്ച എലോണ്‍ തിയേറ്റര്‍ അസോസിയേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തിയേറ്ററില്‍ റിലീസ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ മാത്രം ആദ്യാവസാനം അഭിനയിച്ച ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി.

നന്ദ കിഷോര്‍ സംവിധാനം ചെയ്ത വൃഷഭക്കും വലിയ രീതിയില്‍ ട്രോളുകള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങളും ഡയലോഗ് ഡെലിവറിയും ഒ.ടി.ടി റിലീസിന് ശേഷം എയറിലാകാന്‍ സാധ്യതയുണ്ട്. കൊവിഡ് സമയത്ത് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്ത മോശം സിനിമകളില്‍ അവസാനത്തേതാണ് വൃഷഭയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇനിയങ്ങോട്ട് താരത്തിന്റെ ലൈനപ്പ് ഗംഭീരമാകുമെന്നും മോഹന്‍ലാല്‍ എന്ന താരത്തിന്റെ പരമാവധി പൊട്ടന്‍ഷ്യല്‍ സിനിമാലോകം കാണുമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, അതിഥിവേഷത്തിലെത്തുന്ന പാട്രിയറ്റ്, തുടക്കം, തരുണ്‍ മൂര്‍ത്തിക്കൊപ്പം വീണ്ടും കൈകോര്‍ക്കുന്ന L365 എന്നിവയാണ് മോഹന്‍ലാലിന്റെ അപ്കമിങ് പ്രൊജക്ടുകള്‍.

Content Highlight: Vrushabha movie ended its theatre run with just two crores

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം