എഡിറ്റര്‍
എഡിറ്റര്‍
ഖാദിപോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് വഴി സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണോ?; ഖാദി പര്‍ദ്ദയ്‌ക്കെതിരെ വി.പി സുഹ്‌റ
എഡിറ്റര്‍
Friday 24th November 2017 1:06pm

കോഴിക്കോട്: ഖാദിയുടെ ‘ഖാദി പര്‍ദ്ദ’ വ്യാപാരത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി.പി സുഹ്‌റ. വ്യാപാര പുരോഗതിയ്ക്കുവേണ്ടി ഗാന്ധിജിയുടെ സ്മരണക്കായി നിലകൊളളുന്ന സ്ഥാപനത്തില്‍ ഗാന്ധി തത്വങ്ങള്‍ക്ക് വിരുദ്ധമായി പര്‍ദ്ദ പോലുളള വസ്ത്രം നിര്‍മ്മിക്കുമ്പോള്‍ ഗാന്ധിജിയെ മറന്നുകൊണ്ടാവരുതെന്നും സുഹ്‌റ മുഖ്യമന്ത്രിക്കയച്ച കത്തതില്‍ പറഞ്ഞു.


Also Read: എം.ആര്‍ വാക്‌സിന്‍ ക്യാമ്പ് ആക്രമണം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെ.കെ ശൈലജ


‘പര്‍ദ്ദ എന്ന വസ്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുളള ഒരു ഉപകരണമാണെന്ന് പുരോഗമനപരമായി ചിന്തിക്കുന്നവര്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നുണ്ട്. മത യാഥാസ്ഥിതികര്‍ സ്ത്രീകള്‍ക്കും ചെറുപ്രായത്തിലുളള കുഞ്ഞു ങ്ങള്‍ക്കുമിടയില്‍ മൂടുപട മണിയിച്ച് ഒതുക്കി നിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ് നാം തിരിച്ചുപോകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.’ അവര്‍ പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുളള പല വസ്ത്രധാരണരീതികളും സമരങ്ങളില്‍ കൂടി നാം മാറ്റി എടുക്കുകയായിരുന്നെന്നും മാറു മറയ്ക്കല്‍ സമരം, പിന്നോക്ക വിഭാഗങ്ങളിലുളള സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുളള അവകാശങ്ങള്‍ തുടങ്ങിയവയൊക്കെ അങ്ങിനെയായിരുന്നെന്നും പറഞ്ഞ സുഹ്‌റ അവയൊക്കെ തിരിച്ചു കൊണ്ടു വരുവാന്‍ നാം തയ്യാറാകുമോയെന്നും ചോദിച്ചു.

‘സതി പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് പര്‍ദ്ദ എന്നും, ഹിന്ദു പര്‍ദ്ദയായാലും ഇസ്ലാം പര്‍ദ്ദയായാലും ചാരിത്ര്യം സംരക്ഷിക്കാനാവില്ലെന്നും ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ചാരിത്ര്യത്തെകുറിച്ചളള രോഗാതുരമായ ആകാംക്ഷയാണ് വസ്ത്രം കൊണ്ട് സ്ത്രീക്ക് ചുറ്റും ഒരു ഭിത്തിയുണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് സ്ത്രീയുടെ പരിശുദ്ധിയെക്കുറിച്ച് മാത്രം അതിരു കവിഞ്ഞ ആശങ്ക?’ അവര്‍ ചോദിച്ചു.

ഗാന്ധിജിയുടെ പര്‍ദ്ദയെ സംബന്ധിച്ചുളള ഇത്തരം വാദങ്ങള്‍ നില നില്‍ക്കെ ഖാദിപോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്ക് സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തടയാന്‍ സര്‍ക്കാരും ഖാദിവ്യസായത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരും തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Advertisement