എഡിറ്റര്‍
എഡിറ്റര്‍
കാട് എന്താണെന്ന് അറിയാത്ത മന്ത്രി എം.എം മണിക്കു വായിച്ചു പഠിക്കാന്‍
എഡിറ്റര്‍
Tuesday 21st March 2017 6:01pm

ബഹുമാന്യനായ എം.എം മണി സര്‍ ഇതൊന്നു വായിച്ചു നോക്കണം. കുറച്ചു ദിവസം മുമ്പ് പോസ്റ്റ് ചെയ്തതാണ്. താങ്കളുടെ വന്‍ കണ്ടു പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അങ്ങയുടെയും പിന്തുണക്കാരുടെയും അറിവിലേക്കായി ഒരു കഥ പങ്കുവെയ്ക്കുകയാണ്. ഇത് വായിച്ചു നോക്കിയാല്‍ അറിയാം കാട് ശരിക്കും എന്താണെന്ന്.

വിജനതയില്‍ ഏകാകിയായി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ തന്റെ കര്‍മത്തില്‍ മാത്രം മുഴുകിയ ഒരു മനുഷ്യന്റെ യഥാര്‍ഥ ജീവിതം ഭൂമിയില്‍ പച്ചപ്പിന്റെ തുടിപ്പുള്ള കാലത്തോളം സ്മരിക്കപ്പെടേണ്ടതിനാലും ഓരോ മനുഷ്യനും അത്യഗാധമായി കടപ്പെട്ടിരിക്കേണ്ടതിനാലും ഒരു പുസ്തക ക്കുറിപ്പ് ഇവിടെ പങ്കുവെക്കുകയാണ്.

ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ ‘ദ മാന്‍ വു പ്‌ളാന്റഡ് ട്രീസ്’ (മരങ്ങള്‍ നട്ട മനുഷ്യന്‍ ) എന്ന ചെറുനോവലിനെ കുറിച്ച്.

വര്‍ഷം 1913. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളുടെ വിജനമായ താഴ്‌വാരത്തുകൂടെ കാല്‍നടയായി സഞ്ചരിക്കവെ ജീന്‍ ഗിയാനോ എന്ന സൈനികന്‍ നേരില്‍ കണ്ട ഒരു മനുഷ്യനാണ് കഥാപാത്രം.

മരുഭൂമി സമാനമായ വിജനതയുടെ അപാരതയില്‍ മണിക്കൂറുകളോളം അലഞ്ഞിട്ടും തകര്‍ന്നടിഞ്ഞ ഒരു ഗ്രാമത്തിന്റെ ഭയപ്പെടുത്തുന്ന പ്രേതാവശിഷ്ടങ്ങള്‍ അല്ലാതെ മറ്റൊന്നും ഗിയാനോവിന് കാണാനായില്ല. അങ്ങേയറ്റം ഊഷരമായ ആ ഭൂമിയില്‍ ദാഹത്താല്‍ വലഞ്ഞ ഗിയാനോക്ക് കിട്ടിയ കൂട്ടായിരുന്നു ആ മനുഷ്യന്‍.

55 കാരനായ എല്‍സിയാഡിസ് ബോഫിയര്‍! ആട്ടിടയനായ അയാള്‍ ഗിയാനോയെ സമതലമടക്കിലുള്ള തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുടിക്കാന്‍ ആഴമുള്ള കിണറ്റില്‍ നിന്നും തെളിഞ്ഞ വെള്ളം കോരി കൊടുത്തു. വളരെ കുറച്ചേ അയാള്‍ സംസാരിച്ചുള്ളു. ആ രാത്രി അവിടെ തങ്ങിയ സൈനികന്‍ കണ്ട കാഴ്ച ആശ്ചര്യകരമായിരുന്നു.

അതിങ്ങനെ വായിക്കാം:

ആ ആട്ടിടയന്‍ ഒരു ചെറിയ ചാക്കെടുത്ത് കൊണ്ടുവന്ന് ഒരു കൂമ്പാരം വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. അവ ഓരോന്നായി അതീവ ശ്രദ്ധയോടെ പരിശോധിച്ച് നല്ലതും കെട്ടതും വേര്‍തിരിക്കാന്‍ തുടങ്ങി. ഞാനെന്റെ പൈപ്പു പുകച്ചു. ‘സഹായിക്കാം’ ഞാന്‍ പറഞ്ഞു.

ഇത് എന്റെ ജോലിയാണെന്നായിരുന്നു മറുപടി. അയാള്‍ ആ പ്രവൃത്തിയില്‍ കാണിക്കുന്ന ശുഷ്‌കാന്തി കണ്ടപ്പോള്‍ ഞാന്‍ പിന്നീട് നിര്‍ബന്ധിച്ചതുമില്ല. അതായിരുന്നു ഞങ്ങള്‍ തമ്മില്‍ ആകെയുണ്ടായ സംഭാഷണം. നല്ല വിത്തുകള്‍ വലിയൊരു കൂമ്പാരമാക്കിവെച്ചശേഷം അയാള്‍ അവ പത്തുവീതം എണ്ണി. ചെറിയവയോ അല്‍പം പൊട്ടിയവതോ ആയവ ഒഴിവാക്കി. പിന്നീട് ഓരോന്നും കണ്ണിനോട് വളരെ അടുപ്പിച്ച് പിടിച്ച് പരിശോധിച്ചു. അങ്ങനെ നൂറു വിത്തുകള്‍ തികഞ്ഞതോടെ അയാള്‍ തന്റെ ജോലി അവസാനിപ്പിച്ചു.”

പിന്നീട് ആ വിത്തുകളുടെ ചാക്ക് ഒരു തൊട്ടി വെള്ളത്തില്‍ ഇട്ടുവെച്ചു. തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഇരുമ്പു ദണ്ഡുമായി പിറ്റേന്ന് രാവിലെ ഏതാണ്ട് നൂറു വാര അകലെയുള്ള മല മേടിലേക്ക് അയാള്‍ കയറി. വടി മണ്ണില്‍ കുത്തിയിറക്കി കുഴിയുണ്ടാക്കി അതിലൊരു ഓക്കു വിത്തിട്ടു. അതിനുമേല്‍ മണ്ണിട്ടു മൂടി.

ഈ ഭൂമി നിങ്ങളുടേതാണോ? കൂടെ അനുഗമിച്ച ഗിയാനോ ചോദിച്ചു. അല്ലെന്നായിരുന്നു മറുപടി. ആരുടേതാണെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. അതിനയാള്‍ക്ക് ഒട്ടും താല്‍പര്യമുള്ളതായി തോന്നിയതുമില്ല. നൂറു ഓക്കു വിത്തുകളും വളരെ ശ്രദ്ധയോടെ അദ്ദേഹം കുഴിച്ചിട്ടു.

മൂന്നു കൊല്ലമായി ആ വന്യ ശൂന്യതയില്‍ അയാള്‍ മരങ്ങള്‍ നട്ടുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ആയിരുന്നു അയാളുടെ ജീവിതം. ഒരു മകനേ ഉണ്ടായിരുന്നുള്ളു. അവനും പിന്നീടു ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഏകാന്തതയിലേക്കയാള്‍ പിന്‍വലിഞ്ഞു.

തന്റെ ആടുകളും നായയുമൊത്തു ബദ്ധപ്പാടില്ലാത്ത പൊറുതിയില്‍ ആനന്ദം കണ്ടത്തെി. മരങ്ങളില്ലാത്ത ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണന്നായിരുന്നു അയാളുടെ അഭിപ്രായം.

അടുത്ത മുപ്പതാണ്ടിനുള്ളില്‍ നിങ്ങളുടെ പതിനായിരം ഓക്കു മരങ്ങളും വളര്‍ന്നു വലുതായി ആ വിജനതയില്‍ ഒരു കാടു രൂപപ്പെടുമെന്ന് ഗിയാനോ തന്റെ മുതിര്‍ന്ന ചങ്ങാതിയോടു പറഞ്ഞു. ദൈവം ആയുസ്സു തരികയാണെങ്കില്‍ അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ ഇതിനേക്കാള്‍ ഒരുപാടു കൂടുതല്‍ മരങ്ങള്‍ തനിക്ക് നടാന്‍ കഴിഞ്ഞേക്കുമെന്നും അതില്‍ പതിനായിരം കടലില്‍ ഒരു തുള്ളിക്കു തുല്യമാകുമെന്നായിരുന്നു ബോഫിയറുടെ ലളിതമായ മറുപടി.

ഈ ജോലിക്ക് പുറമെ ബീച്ച് മരങ്ങളുടെ പുനരുല്‍പാദനത്തിനുള്ള പഠന ശ്രമങ്ങളില്‍ ഏര്‍പെട്ടുവരികയായിരുന്നു ബോഫിയര്‍. കുടിലിനരികില്‍ ബീച്ച് തൈകളുടെ ഒരു നഴ്‌സറി പരിപാലിച്ചിരുന്നു. ആടു തിന്നാതെ വേലി കെട്ടി തിരിച്ചിരുന്ന തൈകള്‍ അതീവ സുന്ദരങ്ങള്‍ ആയിരുന്നു. താഴ്‌വരയില്‍ നടാന്‍ ബോര്‍ച്ച് വൃക്ഷങ്ങളെയും അയാള്‍ പരിപാലിച്ചിരുന്നു. അവിടെ അതിനു പറ്റിയ നനവുണ്ടെന്നായിരുന്നു ബോഫിയര്‍ പറഞ്ഞ കാരണം.

അന്ന് അവിടെ നിന്ന് പിരിഞ്ഞ ഗിയാനോ 1914ലെ യുദ്ധവും കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിടവെ വീണ്ടും ബോഫിയറുടെ അടുത്തേക്ക് തിരിച്ചു. യുദ്ധ താണ്ഡവത്തില്‍ നിന്നും ആ സ്വസ്ഥതയിലേക്ക് എത്തിപ്പെടാനുള്ള ത്വരയില്‍ ആല്‍പ്‌സ് താഴ്‌വാരത്തിലേക്ക് തിരിച്ച ഗിയാനോയുടെ കണ്ണില്‍ തകര്‍ന്നടിഞ്ഞ വിജനമായ ആ ഗ്രാമത്തിനുമപ്പുറം ഒരുതരം നരച്ച മൂടല്‍ മഞ്ഞ് പുതപ്പു പോലെ പര്‍വത ശിഖരങ്ങളെ പൊതിഞ്ഞിരിക്കുന്നത് പതിഞ്ഞു. അത് ബോഫിയര്‍ നട്ട മരങ്ങള്‍ ആയിരുന്നു.

പഴയ റോമന്‍ അധിവാസ കേന്ദ്രങ്ങള്‍ ആയിരുന്നു അവിടം. മരങ്ങള്‍ വെട്ടി അതിന്റെ കരി ഉണ്ടാക്കി വില്‍ക്കുന്നവരാണ് ആ ഗ്രാമങ്ങളില്‍ ജീവിച്ചിരുന്നത്. കഷ്ടപ്പാടുള്ള ജീവിതം. പരുക്കല്‍ കാലാവസ്ഥകളില്‍ തിങ്ങിപ്പാര്‍ക്കുന്ന, നിലയ്ക്കാത്ത കലഹങ്ങള്‍ പതിവായ ഗ്രാമങ്ങള്‍. ആര്‍ക്കും ദാരിദ്ര്യത്തിന്റെ പിടുത്തത്തില്‍ നിന്ന് രക്ഷയുണ്ടായിരുന്നില്ല. എല്ലാറ്റിനും മല്‍സരമായിരുന്നു.

കരിയുടെ വിലയില്‍, ചാരുബെഞ്ചിന്റെ കാര്യത്തില്‍, കലഹിക്കുന്ന തിന്‍മകളില്‍, മൂല്യങ്ങളില്‍ എല്ലാം. അതിനെല്ലാം മേലെ ഞരമ്പുകളെ കിരുകിരുപ്പിക്കുന്ന കാറ്റും ആത്മഹത്യയുടെ മഹാമാരിയും കൊല്ലും കൊലയും. അവിടെ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു.

ഈ അഞ്ചു കൊല്ലത്തിനിടക്ക് ബോഫിയര്‍ മരിച്ചിട്ടുണ്ടാവും എന്ന് തന്റെ രണ്ടാം വരവില്‍ ഗിയാനോ കരുതി. എന്നാല്‍, പതിവിലും ഉന്‍മേഷവാനായി അദ്ദേഹം മരംനടീല്‍ തുടര്‍ന്നു കൊണ്ടിരുന്നു. തൈകള്‍ക്ക് ഭീഷണിയായതിനാല്‍ തന്റെ ഉപജീവനമാര്‍ഗമായ ആടുകളുടെ എണ്ണം അദ്ദേഹം കുറച്ചു. പകരം നൂറു തേനീച്ചക്കൂടുകള്‍. യുദ്ധം ബോഫിയറെ ഒട്ടും ബാധിച്ചിരുന്നില്ല.

1910ല്‍ നട്ട ഓക്കു മരങ്ങള്‍ക്ക് അപ്പോള്‍ പത്തു വയസ്സു പ്രായം. രണ്ടാള്‍ പൊക്കത്തേക്കാള്‍ ഉയരത്തില്‍ ഹൃദയഹാരിയായ കാഴ്ചയൊരുക്കി അവ നിരന്നു നിന്നു. അത് സമ്മാനിച്ച അത്യാഹ്ലാദത്താല്‍ ഗിയാനോവിന് ഒരക്ഷരം മിണ്ടാനേ കഴിഞ്ഞില്ല. ആ ദിവസം മുഴുവന്‍ അവര്‍ രണ്ടു പേരും നിശബ്ദരായി കാട്ടിലൂടെ നടന്നു. പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്ന് കിലോമീറ്റര്‍ വീതിയുമുള്ള കാട് അവര്‍ക്കു മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടന്നു.

സാങ്കേതിക വിഭവങ്ങളൊന്നുമില്ലാതെ ഒറ്റയാളിന്റെ വിയര്‍പ്പിലും വിശ്വാസത്തിലും നിന്നായിരുന്നു അവയെല്ലാം ഉയിരെടുത്തതെന്നാലോചിച്ചപ്പോള്‍ നശീകരണം ഒഴിച്ചുള്ള തലങ്ങളില്‍ ദൈവത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ മനുഷ്യനും സാധിക്കുമെന്ന വലിയ പാഠം ഗിയാനോ പഠിച്ചെടുത്തു.

അഞ്ചു കൊല്ലം മുമ്പ്, അതായത് ഗിയാനോ യുദ്ധം ചെയ്തു കൊണ്ടിരുന്നേപ്പോള്‍ നട്ട ബേര്‍ച്ച് മരങ്ങളുടെ കൂട്ടം അയാള്‍ കാണിച്ചുകൊടുത്തു. മേല്‍മണ്ണിനോട് ചേര്‍ന്ന് അവിടെ ഈര്‍പമുണ്ടാവാം എന്ന അദ്ദേഹത്തിന്റെ ഊഹം ശരിയായിരുന്നു. അവിടങ്ങളിലെല്ലാം ബേര്‍ച്ച് മരങ്ങള്‍ വേരുറപ്പോടെ തലയുയര്‍ത്തി നിന്നു.

സൃഷ്ടി ഒരു അനുസ്യൂത പ്രവൃത്തിയാണെന്ന് ഗിയാനോവിന് തോന്നി. പക്ഷെ, അത്തരം കാര്യങ്ങളെ കുറിച്ചൊന്നും അയാള്‍ ചിന്തിക്കുന്നതായി തോന്നിയില്ല.

ഗ്രാമത്തിലേക്ക് മടങ്ങുമ്പോള്‍ ഒഴുകുന്ന നീര്‍ച്ചാലുകള്‍ കണ്ടു. സൃഷ്ടി പരമ്പരയുടെ ഒരു ഉദാത്ത ഫലമായി അതൊഴുകി. മനുഷ്യന്‍ ഓര്‍മയുള്ള കാലം മുതല്‍ അത് ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. വരണ്ടുണങ്ങും മുമ്പ് ആ ചാലുകള്‍ നിറഞ്ഞൊഴുകിയിരിക്കണം. അവിടെ തടാകങ്ങളോ പുഴയോ ഉണ്ടായിരിക്കണം. പഴക്കമേറെയുള്ള ആ ഗ്രാമങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഖനനം ചെയ്തപ്പോള്‍ ചൂണ്ടക്കൊളുത്തുകള്‍ കണ്ടത്തെിയിരുന്നുവത്രെ.

വിത്തുകള്‍ ചിതറിക്കാന്‍ മലങ്കാറ്റ് ബോഫിയറെ സഹായിച്ചു. വെള്ളം വീണ്ടും പ്രത്യക്ഷമായതോടെ നീണ്ടു മെലിഞ്ഞ ചെടികളും ഓടപ്പുല്ലും പുല്‍ത്തകിടികളും പൂന്തോട്ടവും പുനര്‍ജനിച്ചു. കാട്ടു പന്നികളെയും മുയലുകളെയും വേട്ടയാടാന്‍ മാത്രം ആ വിജനതയിലേക്ക് വന്ന വേട്ടക്കാര്‍ അവിടെ ചെറിയ മരങ്ങള്‍ പെട്ടെന്ന് വളര്‍ന്ന് വരുന്നത് ശ്രദ്ധിച്ചിരുന്നു.

എന്നാല്‍, അവര്‍ അത് ഭൂമിയുടെ കേവലമായ അലങ്കാരമായിട്ടേ കണക്കാക്കിയിരുന്നുള്ളു. അതുകൊണ്ടാവാം എല്‍സിയാഡ് ബോഫിയറുടെ പണിയില്‍ ആരും തലയിട്ടില്ല. കണ്ടു പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കെതിരെ എതിര്‍പ്പുയരുമായിരുന്നു.

തികഞ്ഞ ഏകാന്തതയില്‍ ആയിരുന്നു അയാള്‍ പണിയെടുത്തിരുന്നത്. ജീവിതാവസാനം അയാള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ ഏകാന്തത അത്രയ്ക്ക് പൂര്‍ണമായിരുന്നു. അല്ലെങ്കില്‍ അയാള്‍ക്ക് സംസാരിക്കുന്നതിന്റെ ആവശ്യമേ തോന്നിയിരിക്കില്ലെന്ന് ഗിയാനോ മനസ്സിലാക്കി.

രസമതല്ല, 1933ല്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡ് ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീയിടരുതെന്ന കല്‍പന നല്‍കി. ഈ സ്വാഭാവിക വനത്തെ അതപകടപ്പെടുത്തുമെന്നായിരുന്നു അയാളുടെ വാദം. ഒരു കാട് സ്വയം വളര്‍ന്നുണ്ടാവുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ഫോറസ്റ്റ് റേഞ്ചര്‍ വളരെ നിര്‍ദോഷമായി പറയുകയും ചെയ്തു.

ഇക്കാലത്ത് ബോഫിയര്‍ തന്റെ കുടിലിന് പന്ത്രണ്ടു കിലോമീറ്റര്‍ ദൂരെ ഒരിടത്ത് ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കാന്‍ അവിടെതന്നെ കല്ലു കൊണ്ടുള്ള മുറി പണിയാന്‍ ബോഫിയര്‍ ഉദ്ദേശിച്ചിരുന്നു. അയാള്‍ക്കപ്പോള്‍ 75 കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം അയാളത് പണിയുകയും ചെയ്തു.

1935ല്‍ സര്‍ക്കാറിന്റെ വലിയൊരു സംഘം ഈ ‘സ്വാഭാവിക വനം’ പരിശോധിക്കാനത്തെി. അനാവശ്യമായി ഒരുപാട് സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണമെന്ന തീരുമാനമുണ്ടായെങ്കിലും ഭാഗ്യവശാല്‍ ഗുണപരമായ രണ്ട് കാര്യങ്ങളില്‍ തീര്‍പ്പിലത്തെി. ഒന്ന് വനം മുഴുവന്‍ സര്‍ക്കാറിന്റെ സംരക്ഷണത്തിലാക്കി. വിറക് കത്തിച്ച് കല്‍ക്കരി ഉണ്ടാക്കുന്നത് നിരോധിച്ചു. അതിന് ഗിയാനോ പറയുന്ന കാരണം മറ്റൊന്നുമായിരുന്നില്ല.

പൂര്‍ണാരോഗ്യത്തോടെ നില്‍ക്കുന്ന ആ തരുണ വൃക്ഷങ്ങളുടെ സൗന്ദര്യത്താല്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഫോറസ്റ്റ് സംഘത്തിലുണ്ടായിരുന്ന അല്‍പം വിവരമുള്ള ഒരാള്‍ ഗിയാനോയുടെ സുഹൃത്തായിരുന്നു. ഇയാളെയും കൂട്ടി ബോഫിയറെ കാണാന്‍ ചെന്നു. പരിശോധന നടന്ന സ്ഥലത്തിനും പത്തു കിലോമീറ്റര്‍ അകലെ അപ്പോഴും മരം നട്ടുകൊണ്ടിരിക്കുകയായിരുന്നു ബോഫിയര്‍!

ഇവര്‍ കടന്നുപോയ ദിശയില്‍ താഴ്‌വാരങ്ങള്‍ ഇരുപത്- ഇരുപത്തഞ്ചടി ഉയരമുള്ള മരങ്ങളാല്‍ മൂടപ്പെട്ടിരുന്നു. 1913ല്‍ ആദ്യമായി സൈനികനായ ഗിയാനോ ആ വഴി കടന്നുപോവുമ്പോള്‍ പേടിപ്പെടുത്തിയ മരുഭൂമി അപ്രത്യക്ഷമായിരിക്കുന്നു! ഒരു മനുഷ്യന്റെ നിത്യേനയുള്ള ശാന്തമായ അധ്വാനം, അതിനെ തിരിച്ചറിഞ്ഞിട്ടെന്നോണം ബോഫിയറെ സഹായിക്കാനത്തെിയ ഊറ്റമുള്ള മലങ്കാറ്റ്, മിതത്വം, ആത്മാവിന്റെ തെളിച്ചം ഇതെല്ലാമാണ് ആ വൃദ്ധനായ മനുഷ്യന് അതിശയിപ്പിക്കുന്ന ആരോഗ്യം നല്‍കിയത്.

ഇനിയും എത്ര ഏക്കര്‍ ഭൂമിയെയാണ് അയാള്‍ മരങ്ങളാല്‍ മൂടാന്‍ പോകുന്നതെന്ന് ഗിയാനോ അത്ഭുതപ്പെട്ടു.
1939ലെ യുദ്ധകാലത്ത് മനുഷ്യന്റെ വ്യാവസായിക ആര്‍ത്തിക്ക് ഓക്കു മരങ്ങള്‍ക്കുമേല്‍ കത്തിവീണു. ഭാഗ്യമെന്ന് പറയട്ടെ, തീവണ്ടിപ്പാതകളാല്‍ ബന്ധിപ്പിക്കപ്പെടാത്ത സ്ഥലമായതിനാല്‍ അത് സാമ്പത്തികമായി വിജയിച്ചില്ല. എന്നാലും അവിടെ നടന്നതൊന്നും ആ ആട്ടിടയന്‍ അറിഞ്ഞിരുന്നില്ല. അയാള്‍ അപ്പോഴും മുപ്പതു കിലോമീറ്റര്‍ അകലെ തന്റെ ജോലി തുടരുകയായിരുന്നു. 1939ലെ യുദ്ധവും അയാള്‍ അവഗണിച്ചു.

1945ല്‍ ആണ് ജീന്‍ ഗിയാനോ ബോഫിയറിനെ അവസാനമായി കണ്ടത്. അപ്പോഴയാള്‍ക്ക് എണ്‍പത്തേഴ് വയസ്സായിരുന്നു. ബസിലായിരുന്നു അന്ന് അവിടേക്കുള്ള യാത്ര. ചരിത്രാതീത കാലത്തുള്ള പ്രാകൃത മനുഷ്യരേക്കാള്‍ അധ:പതിച്ച് വെട്ടും കൊലയുമായി ആളുകള്‍ കഴിഞ്ഞിരുന്ന, പിന്നീട് ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ പുതിയ മുഖം അയാളുടെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റു. വായുപോലും പാടെ മാറിയിരുന്നു.

വരണ്ട കാറ്റിനു പകരം സുഗന്ധം നിറഞ്ഞ ഇളംകാറ്റ്. മലകളില്‍ വെള്ളം ഒഴുകുന്ന പോലുള്ള ശബ്ദം, അത് കാട്ടിലെ കാറ്റായിരുന്നു. കുളത്തിലേക്ക് വെള്ളം വീഴുന്ന ശബ്ദം കേട്ട്‌നോക്കിയപ്പോള്‍ അവിടെ ഒരു നീരുറവ തീര്‍ക്കപ്പെട്ടിരിക്കുന്നു. വെര്‍ഗോണ്‍സ് എന്നായിരുന്നു അപ്പോള്‍ ആ ഗ്രാമത്തിന്റെ പേര്. പ്രതീക്ഷ അവിടേക്ക് തിരിച്ചത്തെപ്പെട്ടിരിക്കുന്നു. ജീര്‍ണതയുടെ അവശിഷ്ടങ്ങള്‍ നീക്കപ്പെട്ടിരുന്നു. പ്രേതാവശിഷ്ടം പോലെ കണ്ടിരുന്ന പൊളിഞ്ഞ ചുവരുകള്‍ ഇടിച്ച് നിരത്തപ്പെട്ടിരിക്കുന്നു. അഞ്ച് വീടുകള്‍ പുതുക്കിപ്പണിതു. അപ്പോഴവിടെ അടുത്തിടെ വിവാഹിതരായ നാലു ദമ്പതികള്‍ അടക്കം 28 താമസക്കാരുണ്ടായിരുന്നു.

പുത്തന്‍ വീടുകള്‍ കുമ്മായം തേച്ചിരിക്കുന്നു. അവയ്ക്കു ചുറ്റം പൂന്തോട്ടങ്ങളും തോട്ടങ്ങളില്‍ പച്ചക്കറികളും പൂക്കളും വളര്‍ന്നു. കാബേജ്, റോസ്, ഉള്ളി, ഡ്രാഗണ്‍ ചെടി, സിലെറി, അനിമോണ്‍…..ആരും താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഗ്രാമമായി ഇപ്പോഴത്. മലഞ്ചെരിവുകളില്‍ ബാര്‍ലിയുടെലും റൈയുടെയും ചെറിയ ചെറിയ വയലുകള്‍, താഴ് വാരങ്ങളുടെ ഉള്ളിലേക്കിറങ്ങി പുല്‍ മൈതാനങ്ങള്‍ പച്ച പിടിക്കാന്‍ തുടങ്ങിയിരുന്നു.

കുമ്മായമിട്ട വൃത്തിയുള്ള ഫാമുകള്‍, ആനന്ദകരവും ആശ്വാസകരവുമായ ജീവിതത്തിന്റെ സാക്ഷ്യപത്രം. മഴയും മഞ്ഞും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചു. അവയിലെ വെള്ളം ചാലു കീറി തിരിച്ചു വിട്ടിരിക്കുന്നു. ഓരോ ഫാമിലെയും ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍ നിന്നും വെള്ളം കര്‍പൂര തുളസിയുടെ പരവതാനിയിലേക്ക് കവിഞ്ഞൊഴുകുന്നു. പതുക്കെ പതുക്കെ ആ ഗ്രാമങ്ങള്‍ എല്ലാം പുന:സൃഷ്ടിക്കപ്പെട്ടു.

ഭൂമിക്ക് വില കൂടുതല്‍ ഉള്ള സമതലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഇവിടേക്ക് കുടിയേറി. അവര്‍ക്കൊപ്പം യുവത്വവും ഊര്‍ജ്ജവും ചുറുചുറുക്കുമത്തെി. വഴിനീളെ സന്തോഷവാന്‍മാരായ സ്ത്രീ പുരുഷന്‍മാരും ബാലികാ ബാലന്‍മാരും. ചിരിയുടെ താളവും രസവും അവര്‍ വീണ്ടെടുത്തിരിക്കുന്നു.

പതിനായിരത്തിലധികം വരുന്ന അവര്‍ തങ്ങളുടെ സന്തോഷത്തിന് എല്‍സിയാഡ് ബോഫിയറോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ, നിശബ്ദരായി മനുഷ്യ മനസ്സുകളില്‍ നന്മയുടെ ചെറിയ വലിയ വിത്തുകള്‍ പാകി ആരുമറിയാതെ കടന്നുപോവുന്ന എത്രയെത്ര ബേഫിയറുമാര്‍.

ഇത്രയും എഴുതിയ ജീന്‍ തന്റെ കൊച്ചു പുസ്തകം അവസാനിപ്പിക്കുന്നത് ഈ പാരഗ്രാഫോടെയാണ്.

തന്റെ കായികവും ധാര്‍മികവുമായ വിഭവങ്ങളാല്‍ ഒരു മനുഷ്യന് തരിശു ഭൂമിയില്‍ നിന്ന് ഒരു കാനാന്‍ ദേശം (ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് വിമോചിതരാക്കിയ ഇസ്രായേല്‍ ജനതയെ പാലും തേനും ഒഴുകുന്ന കാനാന്‍ ദേശത്തേക്കാണ് മോസസ് നയിച്ചത്) സൃഷ്ടിക്കാനാവുമെന്ന് ഓര്‍ക്കുമ്പോള്‍ എനിക്കൊന്നുറപ്പുണ്ട്. എന്തൊക്കെതന്നെയായാലും മാനവ സമൂഹം സ്തുത്യര്‍ഹമാണ്. ഇത്തരമൊരു ഫലമുണ്ടാക്കാന്‍ കൂട്ടുനിന്ന അജയ്യമായ മഹത്വവും കാരുണ്യവും കണക്കുകൂട്ടുമ്പോള്‍ ദൈവസാന്നിധ്യമായ ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകനോട് എനിക്ക് അപാരമായ ആദരവുണ്ട്.

ബാനനിലെ അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് 1947ല്‍ എന്‍സിയാഡിസ് ബോഫിയര്‍ ശാന്തമായി മരിച്ചു.

 

Advertisement