വോട്ട് കുറഞ്ഞു; പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ബി.ജെ.പി
Kerala News
വോട്ട് കുറഞ്ഞു; പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ബി.ജെ.പി
ആദര്‍ശ് എം.കെ.
Monday, 15th December 2025, 11:42 am

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടുവിഹിതമെടുത്ത് നിയമസഭാ മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണ് ബി.ജെ.പി.

പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ ബി.ജെ.പി ഏറെ പിറകിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 49,741 വോട്ടുകളാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. 43,802 വോട്ടുകളുമായി എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 37,902 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി/ എന്‍.ഡി.എക്ക് പെട്ടിയിലെത്തിക്കാന്‍ സാധിച്ചത്.

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പി മുന്നിലെത്തുകയും, ജില്ലയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ആകെ വോട്ടുകളില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് വീഴുന്നത്.

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 53 സീറ്റുകളില്‍ 25ഉം ബി.ജെ.പിയാണ് സ്വന്തമാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയും ബി.ജെ.പി തന്നെ. മിക്ക സീറ്റുകളില്‍ മികച്ച ഭൂരിപക്ഷവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

എന്നാല്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതെ പോയതോടെ ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് ബി.ജെ.പി. ഇവിടെ എല്‍.ഡി.എഫിന് എട്ട് സീറ്റുകളും യു.ഡി.എഫിന് 17 സീറ്റുമുണ്ട്. ശേഷിച്ച മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.

കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ഇടതിനാണ് മേല്‍ക്കൈ. ആകെയുള്ള 17ല്‍ 12 സീറ്റും നേടി എല്‍.ഡി.എഫ് ഭരണം പിടിച്ചു. യു.ഡി.എഫ് അഞ്ച് സീറ്റ് സ്വന്തമാക്കിയപ്പോള്‍ ഒന്നില്‍ പോലും വിജയിക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചിട്ടില്ല.

അതേസമയം, പിരായിരിയില്‍ 11 സീറ്റുമായി യു.ഡി.എഫാണ് ഒന്നാമത്. 24 സീറ്റുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ് എട്ട് സീറ്റും ബി.ജെ.പി നാല് സീറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.

അതേസമയം, മാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു മുന്നണിക്കും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല. ആകെ 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് വീതം സീറ്റുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും വിജയിച്ചിട്ടുണ്ട്. ഇവിടെ രണ്ട് സീറ്റുകളില്‍ ബി.ജെ.പിയും വിജയിച്ചു.

2021ന് നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍ രണ്ട് തവണയും ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കും വീണു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രം മറ്റൊന്നാണ്.

2021ലെയും 2024ലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ യു.ഡി.എഫിന്റെ വോട്ടുവിഹിതം കുറഞ്ഞതായി കാണാം. 2021ല്‍ ഷാഫി പറമ്പില്‍ 54,079 വോട്ടും 2024ല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 58,389 വോട്ടും നേടിയപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്നണി ആകെ പെട്ടിയിലെത്തിച്ചത് 49,741 വോട്ടുകളാണ്.

2021ല്‍ ബി.ജെ.പിയുടെ ഇ. ശ്രീധരന്‍ 50,200 വോട്ടുകള്‍ നേടി. 2024ല്‍ സി. കൃഷ്ണകുമാറിലേക്കെത്തിയപ്പോള്‍ അത് 37,549 ആയി കുറഞ്ഞു. ഇപ്പോഴത് 37,902ലേക്കും വീണു.

അതേസമയം, ഈ രണ്ട് തെരഞ്ഞെടുപ്പുകളും അപേക്ഷിച്ച് ഇടതുമുന്നണി വോട്ടുവിഹിതം വര്‍ധിപ്പിച്ചു. 2021ല്‍ സി.പി. പ്രമോദ് 36,433 വോട്ടുകളും 2024ല്‍ പി. സരിന്‍ 37,156 വോട്ടുകളും നേടിയ സാഹചര്യത്തിലാണ് 43,802ലേക്ക് എല്‍.ഡി.എഫ് വോട്ടുകള്‍ വര്‍ധിപ്പിച്ചത്.

 

Content highlight: Votes down, BJP falls to third place in Palakkad assembly constituency

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.