മോദിയുടെ വാരാണസിയില്‍ ഒരാള്‍ക്ക് 50 മക്കള്‍, എല്ലാവര്‍ക്കും വോട്ട്; ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ്: വി.ടി ബല്‍റാം
Kerala
മോദിയുടെ വാരാണസിയില്‍ ഒരാള്‍ക്ക് 50 മക്കള്‍, എല്ലാവര്‍ക്കും വോട്ട്; ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ്: വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 5:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തിന് മുന്‍പില്‍ തുറന്നുകാട്ടിയ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഓരോ സംസ്ഥാനങ്ങളിലേയും വിവിധ മണ്ഡലങ്ങളില്‍ നടന്ന വോട്ടര്‍ പട്ടിക അട്ടിമറിയുടെ തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ഭേലുപൂര്‍ വാര്‍ഡില്‍ B24/19 എന്ന വീട്ടില്‍ താമസിക്കുന്ന രാംകമല്‍ദാസ് എന്ന ഒരാള്‍ക്ക് 50 മക്കളുണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ കാണിക്കുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും അതേ മണ്ഡലത്തില്‍ വോട്ടുണ്ട്.

വി.ടി. ബല്‍റാമാണ് വാരാണസിയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കണക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

‘നരേന്ദ്ര മോദിയുടെ വാരാണസിയില്‍ ഭേലുപൂര്‍ വാര്‍ഡില്‍ ആ24/19 എന്ന വീട്ടില്‍ താമസിക്കുന്ന രാംകമല്‍ദാസ് എന്ന ഒരാള്‍ക്ക് 50 മക്കളുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍പട്ടിക. എല്ലാവര്‍ക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷന്‍.

അതിനെന്താ, മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസില്‍പ്പെട്ടവര്‍ വക മറുചോദ്യം,’ എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

വോട്ടര്‍ പട്ടികയിലെ ഒരു പേജില്‍ത്തന്നെ ഒരാള്‍ക്ക് ആറ് വോട്ടുകള്‍ ഉണ്ടെന്നും അതും ആറ് വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലാണെന്നും പറഞ്ഞുകൊണ്ടുള്ള മറ്റൊരു പോസ്റ്റും വി.ടി ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

ഒന്നുകില്‍ ഈ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ട് ഒരു വകയ്ക്കും കൊള്ളില്ലെന്നും അല്ലെങ്കില്‍ അവര്‍ മനപൂര്‍വം അട്ടിമറി നടത്തുകയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

ഇത്രയുമെങ്കിലും ഇനിയും ബോധ്യമാവാത്തവര്‍ ഹോമോ സേപിയന്‍സിന് മുന്‍പുള്ള ഏതോ സ്പീഷീസാണെന്നും ബല്‍റാം പറഞ്ഞു.

നമ്മുടെ പോരാട്ടം കേവല രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും നമ്മള്‍ ഓരോരുത്തരുടേയും വോട്ടും അവകാശങ്ങളും സംരക്ഷിക്കാനുള്ളതാണെന്നും ബല്‍റാം പറഞ്ഞു. ജനാധിപത്യത്തെ വീണ്ടെടുക്കുന്നത് വരെ, അതിന്റെ സംരക്ഷണമുറപ്പുവരുത്തുന്നത് വരെ, നമുക്കിത് അവസാനിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‘വോട്ട് ചോരി’ വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ വീണ്ടും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

ദേശീയതലത്തില്‍ നിരവധി സീറ്റുകളില്‍ ഇത്തരത്തില്‍ വോട്ട് മോഷണമുണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രാഹുല്‍ പറഞ്ഞു.

‘ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്‍ ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകളുണ്ട്.

ഞങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്‍ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്‍ന്നുകൊണ്ടേയിരിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഉയര്‍ത്തിയ വോട്ട് മോഷണ ആരോപണം വസ്തുതാപരമായി തെറ്റാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

Content Highlight: VoteChori on Modis Varanasi VT Balram post