വോട്ട് ചോരി; ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി, അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
India
വോട്ട് ചോരി; ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി, അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 4:48 pm

ന്യൂദല്‍ഹി: വോട്ട് കൊള്ളക്കെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. രാംലീല മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗൗരവ് ഗംഗോയ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടക്കുന്നത്.

സമ്മേളനത്തില്‍ ഭരണഘടന ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സര്‍ക്കാരിനേയും ഒരേസമയം വിമര്‍ശിച്ചു.

ഭരണഘടന ഉയർത്തിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കൾ Photo: INCIndia/X.COM

ഓരോ വോട്ടും പൗരന്മാരുടെ അവകാശമാണെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.  ബീഹാറിലെ എന്‍.ഡി.എ വിജയം വോട്ട് കൊള്ളയിലൂടെയാണെന്നും വിമര്‍ശനമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സര്‍ക്കാരിന് വഴങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ 10000 രൂപ നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു. ഇതെല്ലാം വോട്ട് കൊള്ളയല്ലെന്നാണോ പറയുന്നതെന്നും പ്രിയങ്ക ചോദിച്ചു.

കോണ്‍ഗ്രസ് സത്യത്തിനൊപ്പമാണെന്നും കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സമയമെടുത്തേക്കാം. പക്ഷേ ഒടുവില്‍ സത്യം വിജയിക്കും. മോദിയേയും അമിത് ഷായേയും പരാജയപ്പെടുത്താന്‍ തങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാംലീല മൈതാനെത്തിയ കോൺഗ്രസ് പ്രവർത്തകർ Photo: West Uttar Pradesh Congress Sevadal/X.COM

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിനെ നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയ നടപടിയും രാഹുല്‍ ചൂണ്ടിക്കാട്ടി. യു.പിയിലെ ഒരു ബി.ജെ.പി നേതാവിന് ഒരേസമയം രണ്ട് സംസ്ഥാനങ്ങളില്‍ വോട്ടുള്ള കാര്യവും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

മോദി ഒരിക്കല്‍ പരാജയപ്പെട്ടാല്‍ മതി. പിന്നെ അദ്ദേഹത്തെ എവിടെയും കാണാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് നിരവധി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രത്യയശാസ്ത്രം ഈ രാജ്യത്ത് ഇപ്പോഴും സജീവമാണ്. 140 കോടി ജനങ്ങളെ രക്ഷിക്കേണ്ടതിനാലാണ് രാംലീല മൈതാനത്ത് എത്തിയതെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

വോട്ട് മോഷ്ടിച്ചില്ലെങ്കില്‍ ഹരിയാന, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ തോല്‍ക്കുമെന്ന് ബി.ജെ.പിക്ക് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗംഗോയ് പറഞ്ഞു.

വോട്ട് കള്ളന്‍ പദവിയൊഴിയണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മൈതാനത്ത് എത്തിയത്. റാലിക്ക് ശേഷം വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് അഞ്ച് കോടി ജനങ്ങള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു.

Content Highlight: Vote thief should resign; Congress holds grand rally in Delhi