വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചാണ് വോട്ട് ചോരി നടത്തിയത്; ടി.എം.സി
India
വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചാണ് വോട്ട് ചോരി നടത്തിയത്; ടി.എം.സി
ശ്രീലക്ഷ്മി എ.വി.
Thursday, 1st January 2026, 2:39 pm

ന്യൂദൽഹി: ഇ.വി.എമ്മിൽ വോട്ട് ചോരി നടക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുന്നതിലൂടെയാണ് വോട്ട് ചോരി നടക്കുന്നതെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി.

ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുൾ ബെഞ്ചിനെ സന്ദർശിച്ചതിന് പിന്നാലെയാണ് അഭിഷേക് ബാനർജിയുടെ പരാമർശം.

ഹരിയാന, മഹാരാഷ്ട്ര, ദൽഹി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസും മറ്റു പാർട്ടികളും ഇത് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടികയിലെ കൃത്രിമം കണ്ടെത്തിയിരുന്നെങ്കിൽ ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി തോൽക്കുമായിരുന്നെന്നും തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചിമ ബംഗാളിൽ ഇത്തരത്തിൽ സംഭവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവർ അത് കണ്ടെത്തിയിരുന്നെങ്കിൽ ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി തോൽക്കുമായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചിമ ബംഗാളിൽ ഇത് സംഭവിക്കാൻ ടി.എം.സി അനുവദിക്കില്ല,’ അഭിഷേക് ബാനർജി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബി.ജെ.പിയുടെയും നേരെ ആയുധം എടുക്കുന്നതിനിടയിൽ വോട്ടർ പട്ടികയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന കൃത്രിമം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.വി ചാനലുകളിലോ, സോഷ്യൽ മീഡിയകളിലോ നടത്തുന്ന ചർച്ചകളിലൂടെ വോട്ട് മോഷണത്തിനെതിരായ പോരാട്ടം ജയിക്കാനാകില്ല.

എസ്.ഐ.ആർ, സ്പെഷ്യൽ സമ്മറി റിവിഷൻ എന്നീ ഘട്ടങ്ങളിലെ കൃത്രിമത്വം തടയാൻ പ്രതിപക്ഷ പാർട്ടികളടക്കം പോളിങ് ബൂത്തുകളിൽ നിലയുറപ്പിക്കണം.

തങ്ങൾ ഉന്നയിച്ച മിക്ക ആശങ്കകളും പരിഹരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു. അന്തിമ വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് തങ്ങൾ സ്വീകരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അഭിഷേക് ബാനർജി പറഞ്ഞു.

‘നിങ്ങൾ വോട്ടർ പട്ടിക ആയുധമാക്കുകയാണ്. നിയമപരമായി ഇതിനെ നേരിടാൻ ടി.എം.സി തയ്യാറാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Vote theft was done by manipulating the voter list; TMC

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.