ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് തെരഞ്ഞെടുപ്പ് ക്മ്മീഷന്റെ വോട്ടര്‍ പട്ടിക തിരിമറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ രാഹുല്‍ വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ‘രാജ്യദ്രോഹം’ ആണെന്നും ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടന്ന വോട്ട് തിരിമറിയെ കുറിച്ചായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബീഹാറില്‍ നടക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്.ഐ.ആര്‍) പിന്നിലെ ചില അജണ്ടകളെ കുറിച്ചും രാഹുല്‍ സംസാരിച്ചു. വോട്ട് അട്ടിമറിയാണ് നടക്കുന്നത്. വോട്ടര്‍ പട്ടിക പുനഃക്രമീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് വ്യക്തമാണ്.
‘വോട്ട് ചോരി (വോട്ട് മോഷണം) വെറുമൊരു തെരഞ്ഞെടുപ്പ് തട്ടിപ്പല്ല. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഒരു വലിയ വഞ്ചനയാണ്. കുറ്റവാളികള്‍ ഇത് കേള്‍ക്കട്ടെ. കാലം മാറും, ശിക്ഷ തീര്‍ച്ചയായും നടപ്പാക്കപ്പെടും,’ രാഹുല്‍ പറഞ്ഞു.
ഞാന്‍ ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ജനിച്ചത്. പ്രിയങ്കയും. 1980 കളില്‍ തന്നെ ഞങ്ങള്‍ വീട്ടില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തയ്യാറാക്കാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് എനിക്ക് ആഴത്തില്‍ അറിയാം. പോളിംഗ് ബൂത്തുകള്‍, വോട്ടര്‍ പട്ടികകള്‍ തുടങ്ങി എല്ലാം.
ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നമ്മുടെ കണക്കുകൂട്ടല്‍ ഒരു വഴിക്കും തെരഞ്ഞെടുപ്പ് ഫലം മറ്റൊരു വഴിക്കും പോകും. ഇതായിരുന്നു അവസ്ഥ. 2022 ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടും 2023 ല്‍ നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലുമൊക്കെ ഇതായിരുന്നു അവസ്ഥ.
ഭാരത് ജോഡോ യാത്രയില്‍ മധ്യപ്രദേശില്‍ വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരം ബി.ജെ.പിക്കെതിരെ ഉണ്ടായിരുന്നു. അത് ഞാന്‍ നേരില്‍ കണ്ടതാണ്. എന്നിട്ടും, ഞങ്ങള്‍ക്ക് 234 ല്‍ 65 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അത് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നായിരുന്നു, അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ വലിയ അട്ടിമറി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ് തങ്ങള്‍ അന്വേഷിച്ചതെന്നും ഇനി വോട്ടുകള്‍ ഇല്ലാതാക്കിയതും അന്വേഷിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ബീഹാറില്‍ വളരെ പാവപ്പെട്ട ആളുകളെയാണ് എസ്.ഐ.ആര്‍ ബാധിക്കുന്നത്. ഇത് രാജ്യദ്രോഹമാണ്. ഞങ്ങള്‍ നിങ്ങളെ പിടികൂടുന്ന ഒരു സമയം വരും,’ രാഹുല്‍ പറഞ്ഞു.
അതേമസമയം വാര്‍ത്താ സമ്മേളനം നടത്തി പങ്കുവെച്ച കാര്യങ്ങള്‍ സ്വന്തം ഒപ്പോടെയുള്ള സത്യവാങ്മൂലമായി എഴുതി നല്‍കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ തന്നെ വാക്ക് തന്നെയാണ് തന്റെ സത്യവാങ്മൂലമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ മാത്രമാണ് താന്‍ ഉദ്ധരിച്ചതെന്നും രാഹുല്‍ മറുപടി നല്‍കിയിരുന്നു.
Content Higlight: Vote Chori in Uttarakhand, Madhya Pradesh and Chhattisgarh says Rahul Gandhi