വോട്ട് കൊള്ള; ദല്‍ഹിയിലെ 'മഹാറാലി'യില്‍ ഘടകകക്ഷികള്‍ പങ്കെടുക്കില്ല; കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് നേതാക്കള്‍
India
വോട്ട് കൊള്ള; ദല്‍ഹിയിലെ 'മഹാറാലി'യില്‍ ഘടകകക്ഷികള്‍ പങ്കെടുക്കില്ല; കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 2:07 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയുള്ള വോട്ട് ചോരി (കൊള്ള)ക്കെതിരെ ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മഹാറാലിയില്‍ ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ പങ്കെടുക്കില്ല.

ഡിസംബര്‍ 14ന് രാം ലീല മൈതാനത്ത് സംഘടിപ്പിക്കുന്ന റാലി പൂര്‍ണമായും കോണ്‍ഗ്രസിന്റെത് മാത്രമായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ നടന്ന എ.ഐ.സി.സി അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

എസ്.ഐ.ആര്‍ വിഷയത്തില്‍ ഇന്ത്യാ സഖ്യത്തില്‍ ഔദ്യോഗികമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് സമരപരിപാടികളുമായി മുന്നോട്ട് പോകുമ്പോഴും സഖ്യകക്ഷികളുമായി സംയുക്ത യോഗം ചേരാനോ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനോ കൂട്ടാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കോണ്‍ഗ്രസിന്റെ ജാഗ്രത ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പൂര്‍ണമായ ഒരു കോണ്‍ഗ്രസ് ഷോയ്ക്കാണ് തയ്യാറെടുക്കുന്നത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചോരിക്കെതിരെ രാജ്യമെമ്പാട് നിന്നും അഞ്ച് കോടിയോളം ഒപ്പുകള്‍ ശേഖരിച്ചു. വിഷയത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ശക്തി പൂര്‍ണമായും സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വോട്ട് കൊള്ളയ്‌ക്കെതിരായ പ്രതിഷേധത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും നേതൃത്വം വ്യക്തമാക്കി.

voter adhikar yathra rahul gandhi

ക്രമക്കേടുകള്‍ നടന്നതായി ആരോപിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ നേതൃത്വം റാലിയില്‍ അണിനിരത്തും. ഇതോടെ വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എ.ഐ.സി.സി അവലോകന യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത്. എസ്.ഐ.ആര്‍ നടക്കുന്ന 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പാര്‍ട്ടി ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കൂടാതെ, യോഗത്തില്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തിരുന്നു.

അതേസമയം, എസ്.ഐ.ആര്‍ നടപ്പാക്കുന്നതിനെതിരെ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

 

എസ്.ഐ.ആറിനെതിരെ ശക്തമായ എതിര്‍പ്പാണ് സംസ്ഥാനങ്ങളുയര്‍ത്തിയത്. ജോലി ഭാരത്തെ തുടര്‍ന്ന് ബി.എല്‍.ഒമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്തവിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

Content Highlight: Vote tehft: Congress’s grand rally in Delhi on December 14 will be exclusive to Congress; allies will not participate