'വോട്ട് അധികാര്‍ യാത്ര' സമാപനത്തിലേക്ക്; റാലിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍
Vote Adhikar Yatra
'വോട്ട് അധികാര്‍ യാത്ര' സമാപനത്തിലേക്ക്; റാലിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 2:38 pm

പാറ്റ്‌ന: വോട്ടാധികാര്‍ യാത്രയ്ക്ക് പാറ്റ്‌നയില്‍ ഇന്ന് സമാപനം. ‘വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്’ (വോട്ട് കള്ളന്മാരേ, കസേര വിടൂ) എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും ഒപ്പം രണ്ടാഴ്ച നീണ്ടുനിന്ന ‘വോട്ട് അധികാര്‍ യാത്ര’യുടെ സമാപനത്തില്‍ പങ്കെടുത്തു.

‘ഗാന്ധി സെ അംബേദ്കര്‍’ മാര്‍ച്ച് എന്ന പേരില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്. ശേഷം നേതാക്കളും പ്രവര്‍ത്തകരും അംബേദ്കര്‍ പാര്‍ക്കിലേക്ക് നീങ്ങുകയായിരുന്നു.

ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ (എം.എല്‍.എല്‍), സി.പി.ഐ (എം), സി.പി.ഐ, വി.ഐ.പി എന്നിവയുടെ പാര്‍ട്ടി പതാകകള്‍ വീശി തിരഞ്ഞെടുപ്പ് കമ്മീഷനും മോദി-നിതീഷ് സര്‍ക്കാരുകള്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ദിപങ്കര്‍ ഭട്ടാചാര്യ (സി.പി.ഐ-എം.എല്‍.എല്‍), എം.എ ബേബി (സി.പി.ഐ-എം), മുകേഷ് സാഹ്നി (വി.ഐ.പി), സഞ്ജയ് റാവത്ത് (ശിവസേന യു.ബി.ടി), ജിതേന്ദ്ര അഹദ് (എന്‍.സി.പി-എസ്പി), യൂസഫ് പത്താന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരും രാഹുല്‍, തേജസ്വി യാദവ് എന്നിവരോടൊപ്പം ചേര്‍ന്നു.

ഓഗസ്റ്റ് 17-ന് ആരംഭിച്ച യാത്ര 25 ജില്ലകളിലായി 110 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററോളം പിന്നിട്ടു. ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, മുതിര്‍ന്ന എംപി പ്രിയങ്ക ഗാന്ധി എന്നിവരും യാത്രയുടെ ആദ്യ ഘട്ടങ്ങളില്‍ പങ്കെടുത്തു.

Content Highlight: ‘Vote Adhikar Yatra’ nears conclusion; Tens of thousands participate in rally