പാറ്റ്‌ന: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രക്ക് ബീഹാറില്‍ തുടക്കം. ബിഹാറിലൂടെ 1300 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര സെപ്തംബര്‍ 1ന് പാറ്റ്‌നയില്‍ മെഗാറാലിയോട് കൂടി സമാപിക്കും. 16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ബിഹാറിലെ ഇരുപതിലേറെ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യമെമ്പാടും ബി.ജെ.പിയുടെ നേതൃത്വത്തില്‍ വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. എസ്.ഐ.ആറിന്റെ പേരില്‍ അവര്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് വോട്ട് മോഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിഹാറില്‍ അത് അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് വോട്ട് വെട്ടിയവര്‍ നാളെ റേഷനും വെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ എല്ലാ സര്‍വേകളും പ്രവചിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണെന്നും എന്നാല്‍ ഫലം വന്നപ്പോള്‍ ബി.ജെ.പി സര്‍ക്കാരാണ് അധികാരത്തിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു. അവിടെ ബി.ജെ.പി ഒരു കോടിയിലേറെ പുതിയ വോട്ടര്‍മാരെ അനധികൃതമായി ചേര്‍ത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഈ രീതിയില്‍ രാജ്യത്താകെ ബി.ജെ.പിയുടെ വോട്ട് മോഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വോട്ടുകള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബിഹാറിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകള്‍ ഉടന്‍ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
എസ്.ഐ.ആറിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളെ വിഭജിക്കുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത തേജസ്വി യാദവ് പറഞ്ഞു. വോട്ടവകാശം മാത്രമല്ല പൗരന്റെ നിലനില്‍പ്പ് തന്നെ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ അവരെ അതിന് അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും തേജസ്വി യാദവ് പറഞ്ഞു.
ഇന്ന് (ആഗസ്ത് 17) ഉച്ചക്ക് റോഹ്താസിലെ സസാരം റെയില്‍വെ ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ മുന്നണിയിലെ വിവിധ നേതാക്കള്‍ പങ്കെടുത്തു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍.ജെ.ഡി. നേതാക്കളായ ലാലുപ്രസാദ് യാദവ്, തേജസ്വി യാദവ്, സി.പി.ഐ. നേതാവ് സന്തോഷ് കുമാര്‍, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിലെത്തി.
CONTENT HIGHLIGHTS: Vote Adhikar Yatra led by Rahul Gandhi begins in Bihar