വിലക്കുകള്‍ നീങ്ങി; 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' തിയേറ്ററുകളിലേക്ക്; ജൂണ്‍ 19 ന് ഇന്ത്യയില്‍ റിലീസ്
World
വിലക്കുകള്‍ നീങ്ങി; 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' തിയേറ്ററുകളിലേക്ക്; ജൂണ്‍ 19 ന് ഇന്ത്യയില്‍ റിലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2026, 10:52 am

മുംബൈ: അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച, ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ ഒടുവില്‍ ഇന്ത്യന്‍ തിയേറ്ററുകളിലേക്ക്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമൊടുവിലാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2026 ജൂണ്‍ 19ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് വിതരണക്കാരായ ജയ് വിരാത്ര എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രത്തില്‍ യാതൊരുവിധ കട്ടിംഗുകളും വരുത്താതെയാണ് സി.ബി.എഫ്.സി നിലവില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്.

98ാ-മത് ഓസ്‌കാര്‍ അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ജയ് വിരാത്ര എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ മനോജ് നന്ദ്വാനയാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഇവരാണ്.

ടുണീഷ്യന്‍ ചലച്ചിത്ര പ്രവര്‍ത്തകയായ കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത ചിത്രം ഇസ്രഈല്‍- ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ കഥയാണ് പറയുന്നത്.

2024 ജനുവരിയിലായിരുന്നു ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രഈല്‍ ക്രൂരത നടന്നത്. ഗസ സിറ്റിയില്‍ ഉണ്ടായ കടുത്ത ആക്രമണങ്ങളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം കാറില്‍ പലായനം ചെയ്യുകയായിരുന്ന ഹിന്ദ് റജബിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ കാറിലുണ്ടായിരുന്ന ഹിന്ദിന്റെ ബന്ധുക്കളെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു.

ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹിന്ദ്, കാറിലെ മൃതദേഹങ്ങള്‍ക്കിടയിലിരുന്ന് സഹായത്തിനായി നിലവിളിച്ചു. ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്ത ഹിന്ദ്, തന്നെ വന്ന് രക്ഷിക്കണമെന്ന് കരഞ്ഞുപറയുന്ന ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ പിന്നീട് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഹിന്ദ് റജബിന്റെയും അവരെ രക്ഷിക്കാന്‍ പുറപ്പെട്ട രണ്ട് രക്ഷാപ്രവര്‍ത്തകരുടെയും മൃതദേഹങ്ങള്‍ പരസ്പരം ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള നിലയില്‍ തകര്‍ന്ന കാറിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുന്നൂറിലേറെ വെടിയുണ്ടകളാണ് റജബിന്റെ കാറിന് നേരെ ഇസ്രഈള്‍ സൈന്യം ഉതിര്‍ത്തത്.

സിനിമയ്ക്ക് കൂടുതല്‍ ആധികാരികതയും തീവ്രതയും നല്‍കാന്‍ അന്ന് കാറിനുള്ളില്‍ നിന്ന് ഹിന്ദ് റജബ് സംസാരിച്ച യഥാര്‍ത്ഥ ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദിന്റെ ശബ്ദം കേട്ടതാണ് തന്റെ സിനിമാ ജീവിതത്തിന്റെ പാത മാറ്റിയതെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായിക പറഞ്ഞിരുന്നു.

‘ഹിന്ദ് റജബിന്റെ ശബ്ദം എന്നെ അത്രമേല്‍ ഉലച്ചു. അത് എന്നെ കടുത്ത സങ്കടത്തിലേക്ക് തള്ളിവിട്ടു. ആ ശബ്ദം കേട്ടതിനുശേഷം എനിക്ക് എന്റെ ദൈനംദിന ജീവിതവുമായി സാധാരണ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.

ആ സമയത്ത് ഞാന്‍ മറ്റൊരു ചിത്രത്തിനായുള്ള ഫണ്ട് കണ്ടെത്തി അതിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ആ സിനിമ ഞാന്‍ അവിടെവച്ച് നിര്‍ത്തി. ‘ഇല്ല, ഇത് മറ്റൊരു സിനിമ ചെയ്യാനുള്ള സമയമല്ല’ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

കാരണം ഇത്തരം ഘട്ടങ്ങളില്‍ ഒന്നും ചെയ്യാതിരിക്കുന്നത് ആ യുദ്ധക്കുറ്റകൃത്യത്തില്‍ പങ്കാളിയാകുന്നതിന് തുല്യമാണ്. കടുത്ത അമര്‍ഷത്തില്‍ നിന്നാണ് ഞാന്‍ ഈ സിനിമ ഉണ്ടാക്കിയത്. ആയുധബലം കൊണ്ട് ലോകത്തെ കീഴ്‌പ്പെടുത്താമെന്ന് കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഈ ചിത്രം. ഏറ്റവും വലിയ തോക്ക് കൈവശമുള്ളവന്‍ ലോകം ഭരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. അത് സാധ്യവുമല്ല, നമ്മുടെ കുട്ടികളുടെ ഭാവിക്ക് അത് ഒട്ടും നല്ലതല്ല,’ ബെന്‍ ഹാനിയ വ്യക്തമാക്കി.

‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബി’ന് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ, സിനിമ കൃത്യമായി വിലയിരുത്തിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.’ ജയ് വിരാത്ര എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

മനുഷ്യ സംഘര്‍ഷങ്ങളുടെ ഭീകരതയും അതേസമയം മനുഷ്യരുടെ അതിജീവനവും വ്യക്തമാക്കുന്ന ആഴത്തിലുള്ള അനുഭവമായിരിക്കും വോയ്‌സ് ഓഫ് ഹിന്ദ് റജബെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രേക്ഷകര്‍ക്കിടയില്‍ സഹാനുഭൂതിയും ക്രിയാത്മകമായ ചര്‍ച്ചകളും വളര്‍ത്തിയെടുക്കാന്‍ ഈ സിനിമയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Content Highlight: Voice of Hind Rajab finally set to release in India on June 19