അള്ളാഹു നല്‍കിയ അവസരമാണിത്, നല്ല വാര്‍ത്താപ്രാധാന്യം കിട്ടും; സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെയും നേതാക്കളുടെയും ശബ്ദസന്ദേശം
Kerala News
അള്ളാഹു നല്‍കിയ അവസരമാണിത്, നല്ല വാര്‍ത്താപ്രാധാന്യം കിട്ടും; സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെയും നേതാക്കളുടെയും ശബ്ദസന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 5:29 pm

കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന നടത്തിയ പ്രയോഗമാണ് സംഘപരിവാര്‍ ‘സുവര്‍ണാവസരമായി’ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.

അള്ളാഹു നല്‍കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കള്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

തുടര്‍ന്ന് ഇതിന് നല്ല ചാനല്‍ കവറേജ് ലഭിക്കുമെന്നും പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്ചയിക്കാനുമാണ് ബി.ജെ.പി. നേതാക്കളോട് എ.പി. അബ്ദുള്ളക്കുട്ടി പറയുന്നത്.

‘അള്ളാഹു നമുക്ക് തന്ന സന്ദര്‍ഭമാണിത്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരം എന്നൊക്കെ പറഞ്ഞാണ് നമ്മുടെ മേല്‍ കുതിര കയറുന്നത്. എന്താണ് സംസ്‌കാരമെന്നും ആരാണ് ഐഷ സുല്‍ത്താന എന്നും തെളിയിച്ചു കൊടുക്കണം. അതുകൊണ്ട് വിഷയം നമ്മള്‍ വേണ്ട ഗൗരവത്തില്‍ തന്നെ എടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. വീടുകളില്‍ പ്ലെക്കാര്‍ഡും പിടിച്ച് പ്രതിഷേധിക്കണമെന്നാണ് എന്റെയൊരു അഭിപ്രായം. പാര്‍ട്ടി നിലപാട് എന്താണ്. പെട്ടെന്ന് അറിയിക്കണം.’ എന്നാണ് ദ്വീപില്‍ നിന്നുള്ള നേതാക്കള്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്.

തുടര്‍ന്ന് ‘ ആലോചിച്ച് ഒരു ദിവസം നിശ്ചയിക്കൂ,നാളെ തന്നെ ആയിക്കോട്ടെ. സമയം, നിങ്ങള്‍ നിശ്ചയിക്കൂ. വീഡിയോകള്‍ കൂടുതല്‍ കിട്ടുമോന്ന് നോക്കണം നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നും കേസ് എടുക്കണമെന്നുമായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചാനല്‍ ചര്‍ച്ച കഴിഞ്ഞതോടെ പ്രചരിപ്പിച്ചത്.

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന്‌ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപു നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഫ്‌ളഷ് എന്ന പേരില്‍ ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Voice message of AP Abdullakutty and leaders against director Aisha Sultana