വി.എം. മാത്യു പുരസ്‌കാരം മാത്യു ശാമുവലിന്; അവാര്‍ഡ് നല്‍കുന്നത് വി.ഡി. സതീശന്‍
Kerala
വി.എം. മാത്യു പുരസ്‌കാരം മാത്യു ശാമുവലിന്; അവാര്‍ഡ് നല്‍കുന്നത് വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 8:47 pm

കോഴിക്കോട്: ബി.ജെ.പി അനുകൂല, ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും തെഹല്‍ക മുന്‍ മാനേജിങ് എഡിറ്ററുമായ മാത്യു ശാമുവലിന് വി.എം. മാത്യു പുരസ്‌കാരം.

നവംബര്‍ പത്തിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കാനിരിക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍ നിന്ന് മാത്യു ശാമുവല്‍ അവാര്‍ഡ് ഏറ്റുവാങ്ങും. വലത് അനുഭാവിയും അഭിഭാഷകനുമായ എ. ജയശങ്കറാണ് ചടങ്ങിലെ മുഖ്യപ്രഭാഷകന്‍.

വി.ഡി. സതീശന്‍, അഡ്വ. ജയശങ്കര്‍, മാത്യു ശാമുവല്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുമെന്ന് ക്രൈസ്തവ ചിന്ത എഡിറ്റര്‍ കെ.എന്‍. റസല്‍ പറഞ്ഞു.

മുമ്പ് മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ മാത്യു ശാമുവലിനെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. കോട്ടയത്തെ ഈരാറ്റുപേട്ട നഗരത്തെ മാത്യു ശാമുവല്‍ ‘മിനി താലിബാന്‍’ എന്നും ‘ഭീകരതയുടെ കേന്ദ്ര’മെന്നും വിശേഷിപ്പിച്ചെന്നായിരുന്നു പരാതി.

ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകളാണ് മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മതവിദ്വേഷം വളര്‍ത്തല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മാത്യുവിനെതിരെ കേസെടുക്കുകയായിരുന്നു.

ഇസ്രഈല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീനികളെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള കുറിപ്പും നിരന്തരമായി പങ്കുവെച്ച ജനം ടി.വിയുടെ വാര്‍ത്തകളും മാത്യു സാമുവലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്പോഴും കാണാം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, എം.എല്‍.എ രമേശ് ചെന്നിത്തല, ഐ.എ.എസ് ദിവ്യ എസ്. അയ്യര്‍, കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇത്തരത്തില്‍ കാണാവുന്നതാണ്.

എന്നാല്‍ മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നാലെ മാത്യു ശാമുവല്‍ തന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയെന്നാണ് വിലയിരുത്തല്‍.

പിന്നീട് അങ്ങോട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും കേരള സര്‍ക്കാരിനെയും പ്രതിപക്ഷ നേതാക്കളെയും പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് മാത്യു ശാമുവലില്‍ നിന്ന് ഉണ്ടാകുന്നത്.

Content Highlight: VM Mathew Award to Mathew Samuel; V.D. Satheesan will present the award