ഇപ്പോഴും ആള്‍ക്കാര്‍ റേഡിയോ കേക്കുവോ എന്ന ചോദ്യം നിരന്തരം കേള്‍ക്കാറുണ്ട്. നിങ്ങള്‍ അപ്രസക്തരായി എന്ന് പത്രക്കാരോട് ആരും പറയാറില്ല. ടി.വി.വന്നപ്പോള്‍ റേഡിയോ അപ്രസക്തമായി, പഴയതായിപ്പോയി എന്ന് പറയുന്നവരുമുണ്ട്. ഇവരെല്ലാം വിവിധ മാധ്യമങ്ങള്‍ വ്യത്യസ്തമാണല്ലോ എന്ന അറിവിനെ മായ്ച്ചു കളഞ്ഞവരുമാണ്.
മറിച്ചുള്ള അനുഭവങ്ങളും ഒട്ടേറെ. പഴയകാല പ്രക്ഷേപകരേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത ജനപ്രിയത ഇന്നും ചിലര്‍ക്ക് ലഭിക്കുന്നുണ്ട്. ആകാശവാണി കൊച്ചി നിലയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത തെന്നല്‍ ആണ് പെട്ടെന്ന് ഓര്‍മ്മ വരുന്ന ഉദാഹരണം. ഒരിക്കല്‍ എന്റെ ഒരു സഹപ്രവര്‍ത്തകന്റെ വാഹനം മോട്ടോര്‍ വകുപ്പുകാര്‍ എന്തോ കാര്യത്തിന് തടഞ്ഞപ്പോള്‍ തെന്നലിനെ അറിയാം എന്ന ഒരൊറ്റ കാരണം കൊണ്ട് രക്ഷ കിട്ടി.
എല്ലാവര്‍ക്കും അറിയും പോലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. എന്നാല്‍ 1983 മുതല്‍ പ്രക്ഷേപകയായി ആകാശവാണിയില്‍ ജോലി നോക്കുന്ന എനിക്ക് സമൂഹം ശ്രദ്ധിക്കാതെ അലസമായി വിടുന്ന ഒരു പാടു നല്ല കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനുണ്ട്. ആകാശവാണി ചെയ്യുന്നതില്‍ ഏറ്റവും മികച്ച ഒന്നായി എനിക്ക് തോന്നുന്നത് ഭാഷാ സാഹിത്യ സേവനമാണ്. ഐക്യ കേരളത്തിന് ഒരു പൊതു ഭാഷ, മാനക ഭാഷ ഉണ്ടാക്കുന്നതില്‍ ആകാശവാണി വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സംസാരിക്കുന്ന ഭാഷയുടെ ഏറ്റവും വലിയ ഊര്‍ജ്ജം അതിന്റെ ഭാഷാ ഭേദങ്ങളും നാട്ടുമൊഴി വഴക്കങ്ങളുമാണ്. അത് നീക്കി എല്ലാ ദേശത്തും ഒരു പോലെ മനസ്സിലാവുന്ന ഗൗരവപ്പെട്ട വാര്‍ത്താവായന ഭാഷയും അവതരണ ഭാഷയും ഒരുക്കുക എന്നത് വിഷമമായിരുന്നു. പത്രങ്ങളും അതേ ജോലി ചെയ്തവരാണ്. അപ്പഴപ്പോള്‍ വായുവില്‍ ചേര്‍ന്ന് മാഞ്ഞലിഞ്ഞു പോകുന്ന ഭാഷയാണ് ആകാശവാണിയുടേത്. അതുകൊണ്ടുതന്നെ ഈ മാനക ഭാഷ കൊണ്ടുവരികയെന്നത് കുറേക്കൂടി ബുദ്ധിമുട്ടായിരുന്നു. ഒരു ഊര്‍ജ്ജം ശബ്ദത്തിലും ഭാഷയിലും ഇല്ലെങ്കില്‍ ശ്രോതാക്കളെ പിടിച്ചു നിര്‍ത്താനാവില്ല.
ആകാശവാണി കൊച്ചി നിലയം ഇപ്പോള്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന രണ്ടു പരിപാടികളെ കുറിച്ചു പറയാം. ഒന്ന് വാക്കും പൊരുളും. ടി.കെ. മനോജനാണ് ഇതിനു തുടക്കം കുറിച്ചത്. പിന്നീട് വന്ന കവി കൂടിയായ ശ്രീകുമാര്‍ മുഖത്തല അതിനു കാവ്യങ്ങളില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ കൂടി ചേര്‍ത്ത് ഉഷാറാക്കി. വാക്കുകളില്‍ വൈലോപ്പിള്ളിക്കവിതയും സി.വി.രാമന്‍പിള്ളയുടെ നോവലും ഉറൂബും കോവിലനും കുമാരനാശാനും നിറഞ്ഞു.
ശ്രവ്യ നിഘണ്ടു എന്ന പരിപാടിയുടെ ടാഗ് ലൈന്‍ സാര്‍ത്ഥകവും സത്യവുമായി. ഒരു പാട് നല്ല ശ്രോതാക്കള്‍ ഉള്ള പരിപാടിയാണത്. ഒരു ദിവസം ഒരു വാക്ക്, അര്‍ഥം, ഉദാഹരണം- അതാണ് വാക്കും പൊരുളും. മറ്റൊന്ന് കാളിദാസ മാധുരി എന്ന പരിപാടിയാണ്. അഞ്ചു മിനിറ്റാണ് സമയം. തെറ്റില്ലാതെ ചൊല്ലിയ ഒരു ശ്ലോകം. അതിനു പ്രശസ്ത അധ്യാപകനും പണ്ഡിതനുമായ ഡോക്ടര്‍ കെ.ജി.പൗലോസ് അര്‍ഥം പറയും.
ആദ്യം മേഘ സന്ദേശമാണ് തുടങ്ങിയത്. അത് ജനപ്രിയമായി. ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ മേഘ സന്ദേശത്തെക്കുറിച്ച് അവര്‍ പല സംശയവും ചോദിക്കാന്‍ തുടങ്ങി. പിന്നെ കുമാരസംഭവം. ഇപ്പോള്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത് രഘുവംശം. ഭാരതത്തില്‍ മറ്റൊരു ആകാശവാണി നിലയവും ഇത്തരം പരിപാടികള്‍ ചെയ്യുന്നില്ല, ചെയ്യാവുന്നതാണ്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികളില്‍ കുട്ടികളുടെ ഭാഷയും വായനയും മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമങ്ങളുണ്ട്. കുട്ടികളുടെ പരിപാടികളെന്ന ടാഗില്‍ സ്വകാര്യ ചാനലുകള്‍ നടത്തുന്ന ഒട്ടും കുട്ടിത്തമില്ലാത്ത പരിപാടികളുടെ സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ വിഷമമാണ്. എന്നാല്‍ ആകാശവാണി എന്നും പണവും സമയവും ചെലവാക്കുന്നത് ഭാഷ, സംസ്‌കാരം എന്നിവയിലാണ്.
കുട്ടികളുടെ ഭാഷാ പ്രയോഗ സിദ്ധികള്‍ വളര്‍ത്താന്‍ അവരെ പ്രാസംഗികരും നല്ല വര്‍ത്തമാനക്കാരും ആക്കാന്‍ ഞങ്ങള്‍ ഇപ്പോഴും നല്ല ശ്രദ്ധവെക്കുന്നു. കൊച്ചി നിലയത്തിന്റെ വിടരുന്ന മൊട്ടുകള്‍ ഒരു മികച്ച ക്ലാസ്സ് കൂടിയാണ്. വെറുതെ പരിപാടി ശബ്ദലേഖനം ചെയ്ത വിടുകയല്ല ചെയ്യുന്നത്. കുട്ടികളോട് സംസാരിച്ചു പല കാര്യങ്ങളുമായി സംവദിപ്പിച്ചു അവരെ ഉഷാറാക്കിയാണ് ചെയ്യുന്നത്. നല്ല പ്രതിഫലവും കൊടുക്കുന്നുണ്ട്.
ഞങ്ങളുടെ വാര്‍ത്താ പ്രക്ഷേപണത്തിലും മികച്ച ചില വശങ്ങള്‍ ഉണ്ട്. യാഥാസ്ഥിതികം ആണെങ്കിലും മൂല്യങ്ങള്‍ പരിപാലിക്കാന്‍ ഇന്നും ശ്രമം ഉണ്ട്. വിവാദങ്ങള്‍ ഒഴിവാക്കുക അല്ലെങ്കില്‍ മിതമായി അവതരിപ്പിക്കുകയാണ് രീതി. വാര്‍ത്തകള്‍ പടച്ചു വിടുക, ബ്രെക്കിങ് ന്യൂസിന് വേണ്ടി എന്തും ചെയ്യുക എന്ന രീതി ആകാശവാണിയില്‍ ഇല്ല.
ഇപ്പോള്‍ സംസാരഭാഷയില്‍ അമിത വേഗതയും ഇംഗ്ലീഷ് കലര്‍ത്തലും എല്ലാ ഉച്ചാരണ അവയവങ്ങളും ഉപയോഗിക്കാതെ ഭാഷയെ മറ്റൊന്ന് എന്ന് തോന്നിപ്പിക്കലുമുണ്ട്. യുവതലമുറ ഇതാണ്, ഇതാണവര്‍ക്കിഷ്ടം എന്ന് ആരോ പറഞ്ഞുണ്ടാക്കിയ മിത്ത് എല്ലാ പുതു എഫ്.എം ചാനലുകളും ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. ആകാശവാണി അതിനെതിരാണ്. ശുദ്ധവായുവും വെള്ളവും പോയി കഴിഞ്ഞു എന്ന് വിലപിക്കുന്നവരായ മലയാളികള്‍ ഭാഷ സങ്കരമായി മാറി മാഞ്ഞു പോകുമ്പോള്‍ വിലപിക്കും. പക്ഷെ ഞങ്ങള്‍ക്കാ രക്തത്തില്‍ പങ്കുണ്ടായിരിക്കില്ല. എന്നാല്‍ അനൗപചാരികമാക്കാനും ഊര്‍ജസ്വലമാക്കാനും ജനപ്രിയമാകാനും ഞങ്ങളും ശ്രമിക്കുന്നുണ്ട്.
ശ്രോതാക്കളില്‍ നിന്ന് കിട്ടുന്ന സ്‌നേഹം വെച്ച് നോക്കിയാല്‍ നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ എന്ന് തോന്നും. അത്രമാത്രമാണ് അവര്‍ ഞങ്ങളെ സ്‌നേഹിക്കുന്നത്. പുതുവത്സരാശംസകള്‍, കെയ്ക്കുകള്‍, സമ്മാനങ്ങള്‍ എന്നിവ എത്ര വിലക്കിയാലും വന്നു നിറയും. ഡയറികള്‍ കിട്ടും. കല്യാണക്കുറികള്‍ വരും. വീട് കേറീതാമസത്തിനു പാലുകാച്ചലിന് വരാന്‍ നിര്‍ബന്ധിക്കും. സ്ഥിരം ശ്രോതാക്കള്‍ മരിച്ചു പോയ വിവരം ബന്ധുക്കളെയെന്ന പോലെ ഞങ്ങളെയും അറിയിക്കും. കൈയക്ഷരം വഴിയോ ശബ്ദം വഴിയോ നിതാന്ത സാന്നിധ്യമായിരുന്ന അവരുടെ വേര്‍പാട് ഞങ്ങള്‍ക്കും വിഷമം തന്നെ.
വല്ലപ്പോഴും ചില ശ്രോതാക്കള്‍ സ്റ്റുഡിയോ കാണാന്‍ വരുമ്പോള്‍ മധുരമായ ശബ്ദം കൊണ്ട് അവരെ ആഹ്ലാദിപ്പിക്കുന്ന ഞങ്ങളെ നേരില്‍ കാണുന്നു. നരമുടിയുമായി വരുന്ന എന്നെ കണ്ടു അവര്‍ അന്തം വിടുന്നു. ഇവരാണോ ഇത്ര സ്‌നേഹ മൃദുലമായി സംസാരിക്കുന്നവള്‍ എന്ന അവരുടെ അമ്പരപ്പ് മിഴികളിലുണ്ട്. ചിലര്‍ തുറന്നു പറയും. ഗിരിജേച്ചി ചെറുപ്പമാണെന്നാ വിചാരിച്ചത് എന്ന്. റേഡിയോക്കു അങ്ങനെ ഒരു സൗകര്യവും ഉണ്ട്. കുയിലിനെ പോലെ മറഞ്ഞിരിക്കാം.
എഴുതാന്‍ ഇനിയുമൊരുപാടുണ്ട്. കെ.വി.ശരത് ചന്ദ്രന്‍ എന്ന പ്രതിഭയോടൊപ്പം പ്രവര്‍ത്തിച്ചത് എന്റെ ആകാശവാണി ജീവിതത്തിലെ അഭിമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ശബ്ദപ്രപഞ്ചത്തില്‍ വികാരങ്ങളും വിചാരങ്ങളും അതി സൂക്ഷ്മമായി സുന്ദരമായി ആഴത്തില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ മാത്രമല്ല ജീവിതം മുഴുവന്‍ പ്രക്ഷേപണകലയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ആത്മാര്‍ത്ഥതയും അനന്യമാണ്. എല്ലാറ്റിനെക്കുറിച്ചും ഇനിയും എഴുതാം….
“പ്രിയ ശ്രോതാക്കളെ” , ഇതാണ് ഞാന്‍ ഏറ്റവും അധികം ഉച്ചരിച്ചിട്ടുള്ളതും സ്‌നേഹിക്കുന്നതും ആയ വാക്കുകള്‍. ഞാന്‍ എന്നും സ്‌നേഹിച്ചും ആഹ്ലാദിച്ചും ചെയ്യുന്ന ജോലിയാണ് റേഡിയോ പ്രക്ഷേപണം. അത് എത്ര ആനന്ദകരം അല്ലെ.
