ഇത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ 320 വേഗതയില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍; നമ്മള്‍ 110 സ്പീഡുള്ള ട്രെയിനിറക്കി രാഷ്ട്രീയം കളിക്കുന്നു: സുജിത്ത് ഭക്തന്‍
Kerala News
ഇത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ 320 വേഗതയില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍; നമ്മള്‍ 110 സ്പീഡുള്ള ട്രെയിനിറക്കി രാഷ്ട്രീയം കളിക്കുന്നു: സുജിത്ത് ഭക്തന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 10:34 am

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ട്രെയിന്‍ സര്‍വീസായ വന്ദേഭാരത് എക്സ്പ്രസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ 320 വേഗതയില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനില്‍ കയറിയ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചായിരുന്നു സുജിത്ത് ഭക്തന്റെ പ്രതികരണം.

‘നമുക്ക് ഇവിടെ വന്ദേ ഭാരതിന് കല്ലെറിഞ്ഞ് രാഷ്ട്രീയം കളിച്ച് നടക്കാം, ഇവിടെ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ 2018 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്നു. അതും 320 Kmph വേഗതയില്‍. നമ്മള്‍ 2023 ല്‍ 110 Kmph ല്‍ ട്രെയിന്‍ ഇറക്കി രാഷ്ട്രീയം കളിച്ച് നടക്കുന്നു,’ സുജിത്ത് ഭക്തന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജായ ടെക് ട്രാവല്‍ ഈറ്റില്‍ കുറിച്ചു.

കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്ളാഗ് ഓഫ്
ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും മാധ്യമ പ്രവര്‍ത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസ് യാത്രയില്‍ ഇടം നേടിയിരുന്നത്. ഈ യാത്രയില്‍ സുജിത്ത് ഭക്തനും ഉള്‍പ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയിലാകെ വന്ദേഭാരതിന്റെ ശരാശരി വേഗത മണിക്കൂറില്‍ 83 കിലോമീറ്ററാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പറയുന്നത്.

കേരളത്തില്‍ പ്രഖ്യാപിച്ച സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്ദേഭാരത് എക്‌സ്പ്രസ് കൃത്യ സമയം പാലിക്കുന്നില്ലെന്ന പരാതിയുണ്ട്. കോട്ടയത്തിനും കണ്ണൂരിനും ഇടക്കുള്ള സ്റ്റോപ്പുകളില്‍ നിശ്ചിത സമയത്തില്‍നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നുണ്ടെന്നാണ് പരാതികള്‍.

Content Highlight: Vlogger Sujith Bhaktan says playing politics with Indian Railways’ new train service, Vandebharat Express