മലയാള സിനിമാപ്രേമികളെയാകെ സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആറ് മാസത്തിനടുത്തായി സിനിമയില്‍ നിന്ന് വിട്ടുനിന്ന മമ്മൂട്ടി തിരിച്ചുവരുന്നെന്ന വാര്‍ത്ത വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ആഘോഷമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. മമ്മൂട്ടിയുടെ തിരിച്ച് വരവില്‍ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ ആ പോസ്റ്റിന് പുറകിലുള്ള കഥ പറയുകയാണ് വി.കെ. ശ്രീരാമന്‍. ഇപ്പോള്‍ കുറച്ച് കാലങ്ങളായി മമ്മൂട്ടി വീട്ടില്‍ റെസ്റ്റിലാണെന്നും അപ്പോഴെല്ലാം തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മിനിഞ്ഞാന്നും അതിന്റെ തലേദിവസവുമെല്ലാം വിളിച്ചിരുന്നു. ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ സംസാരിക്കും. മിനിഞ്ഞാന്ന് പലവിധത്തിലുള്ള ക്യാമറകളെ കുറിച്ചായിരുന്നു സംസാരിച്ചത്. വ്യത്യസ്തമായ ക്യാമറകളും അത് ഉപയോഗിച്ച കാലങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും എന്നോട് പറഞ്ഞു. ഈയിടയായിട്ട് അങ്ങനെയാണ്. വീട്ടില്‍ ഫ്രീയായിട്ടിരിക്കുമ്പോള്‍ എന്നെ വിളിച്ച് പഴയ കാര്യങ്ങളെക്കുറിച്ച് എല്ലാം സംസാരിക്കാറുണ്ടായിരുന്നു,’ വി.കെ. ശ്രീരാമന്‍ പറയുന്നു.
തന്നെ വിളിക്കുമ്പോഴെല്ലാം ഇനിയും ഒന്നുരണ്ട് ടെസ്റ്റ് റിസള്‍ട്ട് വരാറുണ്ടെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടി രോഗകാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ താന്‍ അത്ര പ്രധാന്യം കൊടുക്കാത്തപോലെയാണ് ഇരിക്കാറുള്ളതെന്നും എന്തായാലും അദ്ദേഹം തിരിച്ച് വരുമെന്ന് തനിക്ക് അറിയാമെന്നും ശ്രീരാമന്‍ പറഞ്ഞു.
‘അങ്ങനെ കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ ഓട്ടോറിക്ഷയില്‍ ആയിരുന്നു. കുറേ വിളിച്ചിട്ടാണ് ഞാന്‍ ഫോണ്‍ എടുത്തത്. അത്രയ്ക്ക് ബിസിയാണോ നീയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഓട്ടോയില്‍ പോകുന്നതിന്റെ തിരക്കുണ്ടെന്ന് ഞാന്‍ പറഞ്ഞു. വിശേഷാന്വേഷണം എല്ലാം കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ‘നീയെന്താ ഞാന്‍ വിളിച്ചത് എന്തിനാണെന്ന് ചോദിക്കാത്തത്’ എന്ന്. അങ്ങനെ അദ്ദേഹം പറഞ്ഞു, ‘ഞാന്‍ അവസാന ടെസ്റ്റും പാസായടാ’ എന്ന്.
തന്റെ എക്‌സൈറ്റ്‌മെന്റ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു വൈമുഖ്യം കാരണം പാസാകുമെന്ന് അറിയാമായിരുന്നു എന്ന് മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച മറുപടി ലഭിക്കാതിരുന്നതുകൊണ്ട് മമ്മൂട്ടിക്ക് ചെറിയ പരിഭവം ഉണ്ടായിരുന്നുവെന്നും വി.കെ. ശ്രീരാമന്‍ പറഞ്ഞു.
ദൈവമാണ് രക്ഷിച്ചത്, ആധുനിക വൈദ്യശാസ്ത്രം രക്ഷിച്ചു അങ്ങനെ വളരെ കണ്‍വെന്‍ഷണല്‍ ആയിട്ടുള്ള വാക്കുകളൊന്നും ഉപയോഗിക്കേണ്ട എന്ന് താന്‍ തീരുമാനിച്ചതുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പോസ്റ്റിട്ടത് ഇത്രയ്ക്ക് അബദ്ധമാണെന്ന് താന്‍ വിചാരിച്ചില്ല. അതിന് ശേഷം ഒരുപാട് ആളുകള്‍ വിളിക്കുകയും ഓരോന്ന് ചോദിക്കുകയും ചെയ്തുവെന്നും ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഈ പോസ്റ്റ് ഇടുന്നതിനു മുമ്പ് തന്നെ ജോര്‍ജും ആന്റോ ജോസഫുമെല്ലാം പോസ്റ്റിട്ടിരുന്നു. അതിനുശേഷമാണ് ഞാന്‍ ഇത് എഴുതി ഇടുന്നത്. എന്റെ സന്തോഷം എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ അദ്ദേഹം പറഞ്ഞറിഞ്ഞതാണ് ഞാന്‍ എഴുതിയത്, വേറെ ആരെങ്കിലും പറഞ്ഞു കേട്ട് എഴുതിയതല്ല,’ വി.കെ. ശ്രീരാമന്‍ പറഞ്ഞു.
Content Highlight: VK Sreeraman Talks About His Post About Mammootty’s Health