പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠന്‍ എം.പി. വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന് പറഞ്ഞാണ് എം.പി അധിക്ഷേപിച്ചത്.
മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ വി.കെ. ശ്രീകണ്ഠന്‍ ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ വന്നല്ലോവെന്നും പറഞ്ഞു.
വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കമെന്നും എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും എല്ലാ കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിന് എതിരെ ഒരു പരാതിയും പൊലീസിന് മുമ്പില്‍ നിലവില്‍ ഇല്ലെന്നും അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ രാജിവെച്ചതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
തന്നെ ന്യായീകരിച്ച് പ്രവര്‍ത്തകര്‍ സമയം കളയേണ്ടതില്ലെന്നതിനാലാണ് പദവി രാജിവെക്കുന്നതെന്ന് രാഹുല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ വകവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മനപൂര്‍വം ഗൂഢാലോചന നടത്തിയതാണോയെന്ന് അറിയില്ലല്ലോയെന്നും അന്വേഷിക്കുമെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. രാഹുല്‍ ഗുരുതരമായ പിഴവ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും എം.പി പറഞ്ഞു.
ഇന്നലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചത്. ഹൈക്കമാന്‍ഡ് രാജി ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ രാഹുലിനെതിരായ ആരോപണം ഗുരുതരമാണെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.