വിഴിഞ്ഞം സമരം സഭകളുടെ വിലപേശല്‍ തന്ത്രം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Kerala News
വിഴിഞ്ഞം സമരം സഭകളുടെ വിലപേശല്‍ തന്ത്രം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 9:47 am

കൊച്ചി: വിഴിഞ്ഞം സമരത്തിന് ലത്തീന്‍ അതിരൂപത നേതൃത്വം കൊടുക്കുന്നത് വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

മത്സ്യത്തൊഴിലാളികളുടെ ദുരന്തസമാന ജീവിതത്തോട് ലത്തീന്‍ അതിരൂപതയും മുഴുവന്‍ കത്തോലിക്ക സഭയും അനുഭാവപൂര്‍വമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാലിപ്പോള്‍ അവകാശ സമരങ്ങളുമായി ഇറങ്ങിയിരിക്കുന്നത് സര്‍ക്കാരിനോടും അദാനിയോടും വിലപേശല്‍ നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികളികള്‍ ഈ കെണിയില്‍ വീഴരുതെന്നും കൗണ്‍സില്‍ സംസ്ഥാന ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു.

ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംപോയ മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ എന്നും നിരന്തര ചൂഷണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.

ഭരണകൂടം എക്കാലവും ആനുപാതികമായ അവകാശങ്ങള്‍ അസംഘടിതമായ ഈ സമൂഹത്തിന് നിഷേധിച്ചുകൊണ്ടിരിക്കുകയും അവരുടെ ബലഹീനത തൊട്ടറിഞ്ഞ മതനേതൃത്വം സംരക്ഷകരെന്ന് നടിച്ച് അവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സില്‍ യോഗം വ്യക്തമാക്കി.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ ഫെലിക്‌സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ലാലന്‍ തരകന്‍, പ്രഫ. പോളികാര്‍പ്പ്, ജേക്കബ് മാത്യു, ജോര്‍ജ് കട്ടിക്കാരന്‍, ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ഇ.ആര്‍. ജോസഫ്, വി.ജെ. പൈലി, ആന്റണി മുക്കത്ത്, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ്, ജോണ്‍ പുളിന്താനം, ജോസ് മേനാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ പ്രവേശന കവാടത്തില്‍ നടത്തുന്ന രാപകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബഹുജന സംഘടനകള്‍ നടത്തിയ ജനേബാധന യാത്ര സമാപിച്ചു.

മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ബഹുജന പ്രക്ഷോഭമായി വളര്‍ത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14ന് മൂലമ്പിള്ളിയില്‍ നിന്നായിരുന്നു ജനബോധന യാത്ര ആരംഭിച്ചത്. ഇതോടനുബന്ധിച്ച് നടന്ന മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. വിഴിഞ്ഞത്ത് നിന്നും സമരപ്പന്തലിലേക്കുള്ള റാലി ആര്‍ച്ച് ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം ഫ്ളാഗ് ഓഫ് ചെയ്തു.

സമാപന സമ്മേളനം സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. ജനശക്തിക്കുമുമ്പില്‍ കീഴടങ്ങാത്ത ഒരു അധികാരകേന്ദ്രവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഒരുമിച്ചുനിന്നു പോരാടിയാല്‍ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Vizhinjam protest is a bargaining of churches Says : Joint Christian Council