മുസ്‌ലിങ്ങളെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതിനോട് യോജിക്കുന്നില്ല; മുസ്‌ലിം സമൂഹത്തോട് മാപ്പ് ചോദിക്കുകയാണ്: പി.സി ജോര്‍ജിനെതിരെ ബന്ധു
Kerala
മുസ്‌ലിങ്ങളെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതിനോട് യോജിക്കുന്നില്ല; മുസ്‌ലിം സമൂഹത്തോട് മാപ്പ് ചോദിക്കുകയാണ്: പി.സി ജോര്‍ജിനെതിരെ ബന്ധു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2022, 11:55 am

തിരുവനന്തപുരം: മുസ്‌ലിം സമൂഹത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബന്ധു.

മുസ്‌ലിം മത വിഭാഗത്തെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നും പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്‌ലിം സമൂഹത്തോട് താന്‍ ക്ഷമ ചോദിക്കുകയാണെന്നും വിയനി ചാര്‍ലി ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി.സി ജോര്‍ജ്. ഇന്നലെ അദ്ദേഹം നടത്തിയ മുസ്‌ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.

അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്‌ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്‌ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു,’ വിയനി ചാര്‍ലി പറഞ്ഞു.

ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.

പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലിഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്. വളരെ സൗഹാര്‍ദപൂര്‍വം ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂടെന്നും ഹിന്ദു മഹാപരിഷത്ത് വേദിയില്‍ നടത്തിയ പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു പി.സി ജോര്‍ജ്ജെന്നും പരാതിയില്‍ പറയുന്നു.

ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും ആയതിനാല്‍, ഐ.പി.സി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും പി.സി ജോര്‍ജിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പി.സി ജോര്‍ജിന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. തീവ്ര വര്‍ഗീയ ഭാഷണങ്ങളും വെല്ലുവിളികളും മുമ്പില്ലാത്തവിധം ശക്തിപ്പെടുകയാണെന്നും എന്നിട്ടും ഒരു ചെറുവിരലനക്കാന്‍ രാഷ്ട്രീയ നേതൃത്വമോ ആഭ്യന്തര വകുപ്പോ തയ്യാറാവുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വര്‍ഗീയവിഷം ചീറ്റി പ്രസംഗിച്ച ശേഷം കേരളത്തില്‍ സുഖകരമായി ഉറങ്ങാനും ഉണരാനും മറ്റൊരു പ്രഭാഷണത്തിന് കുപ്പായമിട്ട് ഇറങ്ങാനും പറ്റുന്നുണ്ടെങ്കില്‍ കുഴപ്പം ജോര്‍ജ്ജിന്റേതു മാത്രമല്ലെന്നും വിഷം വമിപ്പിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നവരെല്ലാം കുറ്റക്കാരാണെന്നുമാണ് വിമര്‍ശനം. ഇത്തരമൊരു പ്രഭാഷണം നടത്തിയ ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.