ദി കശ്മീർ ഫയൽസ്, ഛാവ തുടങ്ങിയ ചില വലതുപക്ഷ രാഷ്ട്രീയം പറയുന്ന സിനിമകൾ താൻ ചെയ്യില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ജോൺ എബ്രഹാം പറഞ്ഞിരുന്നു. കശ്മീർ ഫയൽസ് എന്ന തന്റെ ചിത്രത്തിനെ കുറിച്ചുള്ള ജോൺ എബ്രഹാമിന്റെ പരാമർശത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി.
ജോൺ ഒരു ചരിത്രകാരനോ, ബുദ്ധിജീവിയോ, ചിന്തകനോ, എഴുത്തുകാരനോ അല്ലെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു. സത്യമേവ ജയതേ പോലുള്ള വളരെ ദേശസ്നേഹപരമായ സിനിമകളും ജോൺ എബ്രഹാം ചെയ്തിട്ടുണ്ടെന്നും പല കാര്യങ്ങൾ കൊണ്ടാകാം അദ്ദേഹം തന്റെ സിനിമയെ കുറിച്ച് അങ്ങനെ സംസാരിച്ചതെന്നും വിവേക് പറഞ്ഞു. തന്റെ സിനിമ മോശമാണെന്ന് ഒരു ചരിത്രകാരനാണ് പറയുന്നതെങ്കിൽ താൻ അത് സമ്മതിച്ച് തന്നേനെയെന്നും എന്നാൽ ജോൺ കശ്മീർ ഫയൽസിനെ കുറിച്ച് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ അന്തരീക്ഷം എപ്പോഴാണ് അതിരുകടന്ന രാഷ്ട്രീയമല്ലായിരുന്നത്? ഇന്ത്യയിൽ എപ്പോഴാണ് ഹിന്ദു-മുസ് ലിം, ജാതി പ്രശ്നങ്ങൾ ഇല്ലാതിരുന്നത്? മോട്ടോർ ബൈക്കുകൾ ഓടിക്കുന്നതിനും ശരീരം പ്രദർശിപ്പിക്കുന്നതിനും ഇറച്ചി കഴിക്കുന്നതിനും പേരുകേട്ടയാളാണ് അദ്ദേഹം. അത്തരം കാര്യങ്ങളിൽ ജോൺ ശ്രദ്ധ കേന്ദ്രീകരിക്കണം. സിനിമയെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ട,’ വിവേക് അഗ്നിഹോത്രി പറഞ്ഞു. എൻ.ടി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകടന്ന രാഷ്ട്രീയമായി പ്രേക്ഷകരെ സ്വാധീനിക്കുന്ന സിനിമകൾ താൻ ഒരിക്കലും ചെയ്യില്ലെന്നാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോൺ എബ്രഹാം പറഞ്ഞത്. ഛാവയും ദി കശ്മീർ ഫയൽസും താൻ കണ്ടിട്ടില്ലെന്നും പക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ജോൺ പറഞ്ഞു. എന്നാൽ ഒരു ഹൈപ്പർ-പൊളിറ്റിക്കൽ പരിസ്ഥിതിയിൽ ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ സിനിമകൾ നിർമിക്കുകയും അത്തരം സിനിമകൾ പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്യുമ്പോൾ അത് തനിക്ക് ഭയങ്കരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.