ഇത്തവണ പ്രൊപ്പഗണ്ട ഏറ്റില്ല, ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണ് വിവേക് അഗ്നിഹോത്രിയുടെ ബംഗാള്‍ ഫയല്‍സ്
Indian Cinema
ഇത്തവണ പ്രൊപ്പഗണ്ട ഏറ്റില്ല, ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണ് വിവേക് അഗ്നിഹോത്രിയുടെ ബംഗാള്‍ ഫയല്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 11:00 pm

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംവിധായകനാണ് വിവേക് അഗ്നിഹോത്രി. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ സാധ്യതയുള്ള തരത്തിലായിരുന്നു അദ്ദേഹം കശ്മീര്‍ ഫയല്‍സ് ഒരുക്കിയത്. സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തെ ഏറ്റെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ചിത്രത്തിന് ടാക്‌സ് ഇളവ് നല്‍കുകയും ചെയ്തിരുന്നു.

രണ്ട് ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. കശ്മീര്‍ ഫയല്‍സിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് വലിയ വീരവാദങ്ങളുമായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബംഗാള്‍ ഫയല്‍സ്. ബംഗാള്‍ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രം മറ്റൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പലരും ആരോപിച്ചിരുന്നു.

എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒട്ടും ശ്രദ്ധ നേടാതെ പരാജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വെരും 10 കോടി മാത്രമാണ് ചിത്രം ആകെ നേടിയത്. 35 കോടി ബജറ്റിലെത്തിയ ചിത്രം വമ്പന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. ചിത്രം വിജയിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരുടെയും കടമയാണെന്ന് പറഞ്ഞുകൊണ്ട് പല വലതുപക്ഷ പേജുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

പലയിടത്തും ആളില്ലാതെ ഷോയെല്ലാം വെട്ടിക്കുറക്കുന്ന അവസ്ഥയാണ് ചിത്രം നേരിടുന്നത്. കശ്മീര്‍ ഫയല്‍സിന് ശേഷം വിവേക് സംവിധാനം ചെയ്ത വാക്‌സിന്‍ വാറും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. 10 കോടിക്ക് താഴെയായിരുന്നു ചിത്രം നേടിയ കളക്ഷന്‍. വാക്‌സിന്‍ വാറിന്റെ അതേ അവസ്ഥയാണ് ബംഗാള്‍ ഫയല്‍സും നേരിടുന്നത്.

ഗാന്ധി, ജിന്ന എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രത്തില്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്ന നരേറ്റീവും ഉയര്‍ത്തിക്കാട്ടുന്നു. കശ്മീര്‍ ഫയല്‍സിലേത് പോലെ മുസ്‌ലി വിരുദ്ധത ഈ ചിത്രത്തിലും ആവശ്യത്തിലേറെയുണ്ട്. ബംഗാളിലെ മുസ്‌ലിങ്ങളില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും അവരുടെ ലക്ഷ്യം ഇന്ത്യയെ വീണ്ടും വിഭജിക്കുകയാണെന്നുമുള്ള ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബോക്‌സ് ഓഫീസില്‍ പരാജയമായാലും കേന്ദ്ര സര്‍ക്കാര്‍ ഈ ചിത്രത്തെ ദേശീയ അവാര്‍ഡില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തങ്ങള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ ഒരുങ്ങുന്ന പ്രൊപ്പഗണ്ട സിനിമകളെ സപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ചിത്രത്തെയും സപ്പോര്‍ട്ട് ചെയ്യുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Vivek Agnihotri’s The Bengal Files movie failing in Box Office