കര്‍ണാടകയെ മലര്‍ത്തിയടിച്ച് വിദര്‍ഭ; വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ഫൈനലിസ്റ്റ് റെഡി!
Sports News
കര്‍ണാടകയെ മലര്‍ത്തിയടിച്ച് വിദര്‍ഭ; വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ഫൈനലിസ്റ്റ് റെഡി!
ശ്രീരാഗ് പാറക്കല്‍
Thursday, 15th January 2026, 10:04 pm

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ സെമിഫൈനലില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി വിതര്‍ഭ. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിദര്‍ഭ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 49.4 ഓവറില്‍ 250 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 46.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി വിദര്‍ഭ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.

വിദര്‍ഭയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അമന്‍ മൊഖഡെയാണ്. 122 പന്തില്‍ 138 റണ്‍സ് നേടിയാണ് താരം വമ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റില്‍ ഉടനീളം വെടിക്കെട്ട് പെര്‍ഫോമന്‍സാണ് അമന്‍ കാഴ്ചവെച്ചത്. സെമിഫൈനലിലും സെഞ്ച്വറി നേടിയതോടെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ടൂര്‍ണമെന്റില്‍ 5 സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്.

താരത്തിന് പുറമേ രവികുമാര്‍ സമര്‍ത് പുറത്താകാതെ 76 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ധ്രുവ് ഷോറേ 47 റണ്‍സും നേടിയിരുന്നു. അതേസമയം കര്‍ണാടകയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ അഭിലാഷ് ഷെട്ടിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. വിദ്യാധര്‍ പാട്ടില്‍ ഒരു വിക്കറ്റും നേടി.

കര്‍ണാടകയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് മൂന്നാം സ്ഥാനത്ത് ഇറങ്ങിയ കരുണ്‍ നായരാണ്. 76 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൃഷ്ണന്‍ ശ്രീജിത്ത് 54 റണ്‍സും ടീമിന് വേണ്ടി സംഭാവന ചെയ്തിരുന്നു. അതേസമയം ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കല്‍ വെറും നാല് റണ്‍സിനാണ് മടങ്ങിയത്.

വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ദര്‍ശന്‍ നാല്‍ക്കാണ്ടെയാണ് സൂപ്പര്‍ ബൗളിങ് പ്രകടനം നടത്തിയത്. യാഷ് താക്കൂര്‍ രണ്ടു വിക്കറ്റും, നാചികേറ്റ് ഭൂടെ, യാഷ് കാടം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം രണ്ടാം സെമിഫൈനല്‍ നാളെയാണ് നടക്കുന്നത് (ജനുവരി 16). ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്ര പഞ്ചാബിനെയാണ് നേരിടുന്നത്.

Content Highlight: Vitarbha defeats Karnataka in first semi-final of Vijay Hazare Trophy 2025-26

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ