അതിരടി ലാഭം... ചെലവാക്കിയ 120 കോടിയും റിലീസിന് മുന്നേ തിരിച്ചുപിടിച്ചു, പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയാല്‍ എതിരെ നില്‍ക്കാന്‍ ആരുമുണ്ടാകില്ല
Indian Cinema
അതിരടി ലാഭം... ചെലവാക്കിയ 120 കോടിയും റിലീസിന് മുന്നേ തിരിച്ചുപിടിച്ചു, പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയാല്‍ എതിരെ നില്‍ക്കാന്‍ ആരുമുണ്ടാകില്ല
അമര്‍നാഥ് എം.
Tuesday, 2nd June 2026, 9:20 pm

ആരാധകര്‍ ഏറെക്കാലമായി കാത്തിരുന്ന തിരിച്ചുവരവ് കറുപ്പിലൂടെ സാധിച്ചിരിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം സൂര്യ. 13 വര്‍ഷത്തോളമായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ തന്റെ സിംഹാസനം സ്വന്തമാക്കിയത് സിനിമാലോകത്തെ ഞെട്ടിച്ചെന്ന് പറയാം. അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളില്ലാതിരുന്ന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് തിയേറ്ററുകളിലെത്തിയത്. 300 കോടിയിലേറെ ഇതിനോടകം കറുപ്പ് തന്റെ പേരിലാക്കിക്കഴിഞ്ഞു.

കറുപ്പിന്റെ വിജയം ഇനി വരാനുള്ള പ്രൊജക്ടുകളില്‍ സൂര്യ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സാണ് താരത്തിന്റെ അടുത്ത റിലീസ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ എല്ലാ റൈറ്റ്‌സും വിറ്റുപോയെന്നാണ് പുതിയ വാര്‍ത്ത.

 

120 കോടി ചെലവഴിച്ച് ഒരുക്കിയ ചിത്രം റൈറ്റ്‌സിലൂടെ ബജറ്റ് തിരിച്ചുപിടിച്ചെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒ.ടി.ടി റൈറ്റ്‌സ് മാത്രം 85 കോടിക്കാണ് വിറ്റുപോയത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തെ സ്വന്തമാക്കിയത്. 12 കോടിക്ക് മ്യൂസിക് റൈറ്റ്‌സും 15 കോടിക്ക് ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റൈറ്റ്‌സ് ഇനിയും വിറ്റുപോകാനുണ്ട്. വലിയ തുകക്ക് തന്നെയാകും തിയേറ്റര്‍ റൈറ്റ്‌സും വിറ്റുപോവുകയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കറുപ്പിലൂടെ സിംഹാസനം തിരിച്ചുപിടിച്ച സൂര്യ വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെ തനിക്ക് എതിരാളികളില്ലെന്ന് അടിവരയിട്ട് തെളിയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

തമിഴ് ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് ഒരുക്കിയ കറുപ്പ് വന്‍ വിജയമായി മാറി. തമിഴ്‌നാടിന് ശേഷം തന്റെ മറ്റൊരു ഹോം ഫോര്‍ട്ടായ തെലങ്കാന/ ആന്ധ്രയിലെ ഹോള്‍ഡ് തിരിച്ചുപിടിക്കാന്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെ സാധിക്കുമെന്നും സിനിമാപ്രേമികള്‍ കണക്കുകൂട്ടുന്നുണ്ട്. പ്രോപ്പറായിട്ടുള്ള പ്രൊമോഷന്‍ നടത്തിയാല്‍ അടുത്ത 200 കോടി ചിത്രമാകാനും വിശ്വനാഥ് ആന്‍ഡ് സണ്‍സിന് സാധ്യതയുണ്ട്.

ഈ രണ്ട് ചിത്രങ്ങളും ഹിറ്റായതിന് ശേഷമാകും സൂര്യയുടെ യഥാര്‍ത്ഥ വിശ്വരൂപം ബോക്‌സ് ഓഫീസില്‍ കാണാനാവുക. എല്ലാം ഒത്തുവന്നാല്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47 പോസിറ്റീവ് റിപ്പോര്‍ട്ട് നേടുകയും കൂടി ചെയ്താല്‍ തമിഴില്‍ എതിരാളികളില്ലാതെ സൂര്യ മുന്നേറുമെന്ന് ഉറപ്പാണ്. വിജയ്‌യും അജിത്തും കളമൊഴിയുന്നതിനാല്‍ ആ സ്ഥാനം സൂര്യക്ക് സ്വന്തമാക്കാനാകുമെന്നും കരുതുന്നു.

Content Highlight: Viswanath and Sons recovered their budget through pre release Rights

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം