ചാരിറ്റിയുടെ പേരില്‍ തട്ടിയ പണം തിരികെ നല്‍കി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച് വിസ്മയ ന്യൂസ് സംഘം
Kerala News
ചാരിറ്റിയുടെ പേരില്‍ തട്ടിയ പണം തിരികെ നല്‍കി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച് വിസ്മയ ന്യൂസ് സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th December 2022, 11:59 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാരിറ്റിയുടെ മറവില്‍ കിടപ്പ് രോഗിയില്‍ നിന്നും തട്ടിയ പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ് സംഘത്തിന്റെ ശ്രമം. കിടപ്പ് രോഗിയായ ഷിജുവില്‍ നിന്ന് തട്ടിയെടുത്ത 140,000 രൂപയാണ് തിരികെ നല്‍കിയത്.

തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വര്‍ക്കലയിലെ ഷിജുവിന്റെ വീട്ടിലെത്തിയ വിസ്മയ ന്യൂസ് പ്രവര്‍ത്തകര്‍ പണം തിരികെ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വിസ്മയ ന്യൂസ് സംഘം തട്ടിയെടുത്തതെന്നാണ് ഷിജുവിന്റെ കുടുംബത്തിന്റെ പരാതി. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇതിന് പിന്നാലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്റെ ഭാര്യ രമ്യ എന്നിവരെ പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഷിജുവിന്റെ വീഡിയോ ചിത്രീകരിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ പതിമൂന്നിനാണ് വിസ്മയ ന്യൂസ് സംഘം എത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങിയെന്ന് ഷിജുവിന്റെ സഹോദരി നേരത്തെ പറഞ്ഞിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായമായി രണ്ട് ലക്ഷത്തോളം രൂപയെത്തി. ഇതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു ഷിജുവിന്റെ കുടുംബത്തിന്റെ പരാതി.

Content Highlight: Vismaya News team’s attempt to settle the case by returning the money extorted from the bedridden patient under the guise of online charity