തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്.
എസ്.കെ. കൗള്‍ അധ്യക്ഷനായ ബഞ്ചാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ജാമ്യം നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. നേരത്തെ, കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.
കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.
സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനത്തിന് പിന്നാലെ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. 2021 ജൂണിലായിരുന്നു വിസ്മയയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെ സ്ത്രീധനമായി നൽകിയ കാറിന്റെ പേരിൽ പീഡനം തുടങ്ങിയെന്ന് കുടുബാംഗങ്ങൾ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മയയുടെ വീട്ടുകാർ നൽകിയതെന്നും കാറിന് 10 ലക്ഷം രൂപയുടെ മൂല്യമില്ലെന്നും ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്നും പറഞ്ഞ് കിരൺ കുമാർ വിസ്മയയെ ഉപദ്രവിച്ചിരുന്നു.
പിന്നീട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ പ്രതിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ പിരിച്ചുവിട്ടത്.