വിവാദങ്ങള്‍ക്കിടയില്‍ പ്രദര്‍ശനം തുടരുന്ന കമല്‍ ഹാസന്റെ വിശ്വരൂപം ഓണ്‍ലൈനില്‍ ചോര്‍ന്നു. ശനിയാഴ്ച്ചയാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായി വാര്‍ത്ത വന്നത്.
സിനിമ ചോര്‍ത്തിയതിനെതിരെ ചെന്നൈ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 മിനുട്ടോളം സിനിമയുടെ ലിങ്ക് ഓണ്‍ലൈനില്‍ കിടന്നെന്നാണ് കോപ്പി റൈറ്റ്‌സ് മീഡിയ പറയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.[]
ചിത്രം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കമല്‍ ഹാസന്റെ ആരാധകരും അതീവ ജാഗ്രതയിലാണ്. ചിത്രം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തത് ആരാണെന്നറിയാനുള്ള തീവ്ര ശ്രമത്തിലാണ് ആരാധകരും.
അതേസമയം, ചില മുസ്‌ലീം സംഘടനകളുടെ എതിര്‍പ്പ് മൂലം തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുകയാണ്.
ചിത്രം മുസ്‌ലീംകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപണത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചത്തേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിരോധിച്ചിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. വെങ്കടരമണനും ജുഡീഷ്യല്‍ അംഗങ്ങളും കമല്‍ഹാസന്റെ വിശ്വരൂപം കണ്ടു. ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് തിങ്കളാഴ്ച്ച കോടതി വിധി പറയും.
കേരളത്തിലും ചിത്രത്തിനെതിരേ ചില മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ചിത്രത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകളും രംഗത്തുണ്ട്.
