ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; 700 കിലോമീറ്റര്‍ പദയാത്ര പ്രഖാപിച്ച് വി.എച്ച്.പി
national news
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; 700 കിലോമീറ്റര്‍ പദയാത്ര പ്രഖാപിച്ച് വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 1:57 pm

റായ്പൂര്‍: ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യവുമായി പദയാത്ര പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി). ഛത്തീസ്ഗഢിലാണ് വി.എച്ച്.പി ‘ഹിന്ദു സ്വാഭിമാന്‍ ജാഗരണ്‍ സന്ത് പദയാത്ര’ എന്ന പേരില്‍ കാല്‍നട യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.

ഫെബ്രുവരി 18ന് ആരംഭിക്കുന്ന യാത്ര, ഒരു മാസത്തിനുള്ളില്‍ ഛത്തീസ്ഗഢില്‍ 700 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് വി.എച്ച്.പി അറിയിച്ചു.

‘മാ മഹാമായ, മാ ചന്ദ്രഹാസിനി, മാ ബാംബ്ലേശ്വരി, മാ ദന്തേശ്വരി എന്നീ നാല് സ്ഥലങ്ങളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തെ 33 ജില്ലകളിലൂടെ യാത്ര കടന്നുപോകും,’ വി.എച്ച്.പി ഭാരവാഹികള്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ എന്തുകൊണ്ടാണ് ഇത്തരമൊരു യാത്ര കാണാതിരുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം പിടിച്ചതിന്റെ ആശങ്കയിലാണ് വി.എച്ച്.പി പോലുള്ള സംഘങ്ങള്‍ ഇത്തരം ആവശ്യങ്ങളുമായി എത്തിയിട്ടുള്ളതെന്നു, ഇത് ജനം മനസിലാക്കുമെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

‘ഈ സമയത്ത് സന്യാസിമാര്‍ക്കൊപ്പം വി.എച്ച്.പിക്കാര്‍ എത്തുകയാണ്. ഇത് നല്ലതല്ലേ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവര്‍ കാണട്ടെ,’ ഭൂപേഷ് ബാഗേല്‍ പരിഹസിച്ചു.

എന്നാല്‍ പദയാത്ര തെരഞ്ഞെടുപ്പ് നേട്ടത്തിനല്ലെന്നും കോണ്‍ഗ്രസുകാരെയും യാത്രയിലേക്ക് ക്ഷണിക്കുന്നുവെന്നും പദയാത്രയുടെ കോ-കണ്‍വീനര്‍ ഘനശ്യാം ചൗധരി അറിയിച്ചു.