'മിന്നല്‍ മുരളി' കണ്ട് ഞാന്‍ സന്തോഷിക്കുകയും, നിരാശയിലാകുകയും ചെയ്തു: വിഷ്ണു വിശാല്‍
Indian Cinema
'മിന്നല്‍ മുരളി' കണ്ട് ഞാന്‍ സന്തോഷിക്കുകയും, നിരാശയിലാകുകയും ചെയ്തു: വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th October 2025, 9:49 pm

 

തനിക്ക് മലയാളം സിനിമ വളരെ ഇഷ്ടമാണെന്ന് നടന്‍ വിഷ്ണു വിശാല്‍. റീസന്റായി താന്‍ കണ്ട സിനിമകള്‍ അതികവും മലയാളത്തില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ സിനിമയായ ആര്യന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തിലെ കണ്ടന്റുകള്‍ വളരെ വ്യത്യസതമാണ്. ചെറിയ വിഷയം വെച്ച് വളരെ മികച്ച രീതിയില്‍ അവര്‍ സിനിമയെ അവതരിപ്പിക്കും. എനിക്ക് കേരളത്തില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. ഒരു സൂപ്പര്‍ ഹീറോ റോള്‍ ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് മിന്നല്‍ മുരളി വന്നു. അത് കണ്ട് ഞാന്‍ സന്തോഷിക്കുംകയും അത് പോലെ അപ്‌സറ്റ് ആകുകയും ചെയ്തു. കാരണം അങ്ങനെ ഒരു സിനിമ എനിക്ക് ആദ്യം ചെയ്യണമായിരുന്നു,’ വിഷ്ണു വിശാല്‍ പറയുന്നു.

മിന്നല്‍ മുരളി ഇറങ്ങിയ സമയത്ത് താന്‍ ബേസിലിനെയും ടൊവിനോയെയും വിളിച്ചിരുന്നുവെന്നും ഒരു സൂപ്പര്‍ ഹീറോ സിനിമ തനിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. പിന്നീട് ലോക എന്ന സൂപ്പര്‍ ഹീറോ ചിത്രം മലയാളത്തില്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാക്ഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് വിഷ്ണു വിശാല്‍. 2009ല്‍ വെന്നില കബഡി കുഴു എന്ന സ്പോര്‍ട്സ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

അതേസമയം പ്രവീണ്‍ കെ. ഒരുക്കുന്ന ആര്യന്‍ ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തും. സിനിമയില്‍ വിഷ്ണു വിഷാലിന് പുറമെ വാണി ബോജന്‍, കെ. സെല്‍വരാഘവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Content highlight: Vishnu vishal talks about malayalam cinema and his love towards malayalam cinema