കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ചാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ജീവിതത്തിലെ ആ ദിനങ്ങള്‍: വിഷ്ണു വിശാല്‍
Indian Cinema
കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ചാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ജീവിതത്തിലെ ആ ദിനങ്ങള്‍: വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 10:22 pm

രാക്ഷസന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. 2009ല്‍ റിലീസായ വെണ്ണിലാ കബഡി കുഴു എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിച്ചത്. 15 വര്‍ഷത്തെ കരിയറിനിടയില്‍ മികച്ച സിനിമകളുടെ ഭാഗമാവാന്‍ വിഷ്ണുവിന് സാധിച്ചു. ഗാട്ടാ ഗുസ്തി എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും താരം തന്റെ സാന്നിധ്യമറിയിച്ചു.

രാക്ഷസന് ശേഷം തന്റെ കരിയറില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് വിചാരിച്ചിരുന്നെന്ന് പറയുകയാണ് വിഷ്ണു വിശാല്‍. എന്നാല്‍ രാക്ഷസന് ശേഷം ഒരുപാട് പ്രൊജക്ടുകളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു പിന്നീടെന്നും വിഷ്ണു പറഞ്ഞു. ശമ്പളത്തിന്റെ പ്രശ്‌നത്തിലല്ല തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതെന്നും കൃത്യമായ കാരണം തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേ സമയത്തായിരുന്നു താന്‍ ഡിവേഴ്‌സായതെന്നും ജീവിതത്തിലെ പലതും കൈവിട്ടുപോകുന്ന അവസ്ഥയിലായിരുന്നു അപ്പോഴെന്നും അദ്ദേഹം പറയുന്നു. എല്ലാത്തില്‍ നിന്നും കരകയറാന്‍ ശ്രമിച്ചപ്പോള്‍ കൊവിഡ് വന്ന് എല്ലാം മുടങ്ങിയെന്നും കഷ്ടകാലം ഒന്നിച്ചുവന്നതുപോലെ തോന്നിയെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാക്ഷസന് ശേഷം കരിയര്‍ വേറെ ലെവലാകുമെന്ന് വിചാരിച്ചതായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. മുമ്പത്തേതിനെക്കാള്‍ മോശം അവസ്ഥയിലേക്ക് ഞാന്‍ പോയി. പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ശമ്പളത്തിന്റെ കാര്യത്തിലല്ല ആ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയാം. കാരണം, ഞാന്‍ ശമ്പളം കൂടുതല്‍ ചോദിച്ചിട്ടില്ല. എന്നിട്ടും എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയില്ല.

ജീവിതത്തിലും തിരിച്ചടികളായിരുന്നു. എന്റെ ഡിവോഴ്‌സ് അതേ സമയത്തായിരുന്നു, മാനസികമായി വല്ലാതെ തളര്‍ന്ന അവസ്ഥയിലേക്കെത്തി. എങ്ങനെയെങ്കിലും ഇതില്‍ നിന്ന് കരകയറണമെന്ന് ചിന്തിച്ചപ്പോളാണ് കൊവിഡ് വന്ന് എല്ലാം നിന്നത്. കഷ്ടകാലം വരുമ്പോള്‍ ഒന്നിച്ചുവരുമെന്ന കാര്യം ശരിയാണോ എന്ന് ചിന്തിച്ചു. ഇനി ആദ്യം മുതല്‍ എല്ലാം തുടങ്ങേണ്ടി വരുമോ എന്ന് പേടിച്ചു. അപ്പോഴും കുറച്ച് സിനിമകള്‍ കൈയിലുണ്ടായിരുന്നു.

എഫ്.ഐ.ആര്‍ അതില്‍ ഒന്നായിരുന്നു. പലയിടത്ത് നിന്നും എനിക്ക് പ്രഷറുണ്ടായിരുന്നു. ഈ സിനിമ ഒ.ടി.ടിക്ക് കൊടുത്താല്‍ സേഫാകുമെന്ന് അവരൊക്കെ ഉപദേശിച്ചു. പക്ഷേ, ആ സിനി തിയേറ്ററിന് വേണ്ടി മാത്രമുള്ളതാണെന്ന കാര്യത്തില്‍ ഞാന്‍ ഉറച്ചുനിന്നു. കൊവിഡ് ചെറുതായി കുറഞ്ഞപ്പോള്‍ ആ സിനിമ റിലീസ് ചെയ്തു,’ വിഷ്ണു വിശാല്‍ പറയുന്നു.

Content Highlight: Vishnu Vishal shares the experience of Bad phase in his life