തമിഴ് സിനിമയില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ രാക്ഷസന്‍. നവാഗതനായ രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രം സിനിമാപ്രേമികള്‍ മികച്ച രീതിയില്‍ സ്വീകരിച്ചു. സൈക്കോ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ഡൈമെന്‍ഷന്‍ രാക്ഷസന്‍ സൃഷ്ടിച്ചു. ഏത് ത്രില്ലര്‍ റിലീസായാലും രാക്ഷസന്‍ ലെവലിലുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും വരുന്നത്.
രാക്ഷസന് ശേഷം വിഷ്ണു വിശാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ആര്യന്‍. സൈക്കോ കില്ലറും പൊലീസും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് ആര്യന്റെയും പ്രമേയമെന്ന് ട്രെയ്‌ലറും ടീസറുമെല്ലാം ഉറപ്പു നല്കുന്നു. എന്നാല്‍ രാക്ഷസനുമായി ഈ ചിത്രത്തെ താരതമ്യം ചെയ്യരുതെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍.
ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനായി വിഷ്ണു ധരിച്ച ടീ ഷര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘Not Ratsasan’ എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് വിഷ്ണു വിശാല്‍ പരിപാടിയില്‍ പങ്കെടുത്തത്. പ്രസംഗത്തിനിടയില്‍ ആര്യനുംരാക്ഷസനും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും താരം ആവശ്യപ്പെട്ടത് വൈറലായി മാറി.
‘രാക്ഷസന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു മൈല്‍സ്റ്റോണായി മാറി. ഈ സിനിമയെ രാക്ഷസനുമായി താരതമ്യം ചെയ്യുമെന്ന് നന്നായി അറിയാം. രാക്ഷസന്‍ ഒരു കള്‍ട്ട് ചിത്രമാണ്. ആ പടത്തിന് ശേഷവും ഒരുപാട് സൈക്കോ ത്രില്ലര്‍ സിനിമകള്‍ വന്നു. പല സിനിമകളിലും രാക്ഷസന്റെ റഫറന്‍സുണ്ടായിരുന്നു. പക്ഷേ, ആര്‍ക്കും രാക്ഷസനെ തൊടാനായിട്ടില്ല. ഈ സിനിമ രാക്ഷസനെപ്പോലെയാണെന്ന് പറയുന്നില്ല. പക്ഷേ, നിങ്ങള്‍ക്ക് പുതിയൊരു അനുഭവം ഈ പടം സമ്മാനിക്കും,’ വിഷ്ണു വിശാല്‍ പറയുന്നു.
റിലീസിന് മുമ്പ് താന്‍ ചെയ്ത പഴയ സിനിമയെക്കാള്‍ മികച്ചതാണ് ഇതെന്ന് പല സൂപ്പര്‍ താരങ്ങളും പറയുന്ന കാലമാണ് ഇതെന്നും വിഷ്ണു വിശാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായം പങ്കുവെച്ചു. സ്വന്തം സിനിമയിലുള്ള കോണ്‍ഫിഡന്‍സാണ് വിഷ്ണു വിശാലില്‍ കാണാനാകുന്നതെന്നും ഇയാള്‍ പറയുന്നു.
നവാഗതനായ പ്രവീണ്‍ കെ.യാണ് ആര്യന്‍ സംവിധാനം ചെയ്തത്. നഗരത്തെ നടുക്കുന്ന സൈക്കോ കൊലപാതകിയും അയാളെ പിടിക്കുന്ന പൊലീസിന്റെ ശ്രമവുമാണ് ചിത്രം പറയുന്നത്. സെല്‍വരാഘവനാണ് ചിത്രത്തിലെ വില്ലന്‍. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും. കേരളത്തില്‍ ആര്യന്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ്.
Content Highlight: Vishnu Vishal saying don’t compare Aaryan movie with Ratsasan