ഇന്ത്യയില്‍ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹിറ്റ് വന്നത് തമിഴ് സിനിമയില്‍, ഇപ്പോള്‍ ആ കാര്യം എല്ലാവരും മറന്നു: വിഷ്ണു വിശാല്‍
Indian Cinema
ഇന്ത്യയില്‍ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹിറ്റ് വന്നത് തമിഴ് സിനിമയില്‍, ഇപ്പോള്‍ ആ കാര്യം എല്ലാവരും മറന്നു: വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th October 2025, 2:11 pm

ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലും പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ വരുമ്പോള്‍ തമിഴില്‍ മാത്രം എന്തുകൊണ്ട് അത്തരം സിനിമകള്‍ വരുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. പാന്‍ ഇന്ത്യന്‍ ഹിറ്റാകാന്‍ വേണ്ടി പലരും മനപൂര്‍വം സിനിമകള്‍ വലുതാക്കുകയാണെന്നും അതുകൊണ്ടാണ് പല സിനിമകളും പരാജയമാകുന്നതെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി പാന്‍ ഇന്ത്യന്‍ ഹിറ്റായ ചിത്രം എന്തിരാനാണെന്നും താരം പറയുന്നു. റിലീസ് ചെയ്ത എല്ലായിടത്തും ഗംഭീര പ്രതികരണമാണ് ലഭിച്ചതെന്നും ഇന്‍ഡസ്ട്രി ഹിറ്റായി എന്തിരന്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് അത്തരം സിനിമകള്‍ തമിഴില്‍ നിന്ന് വന്നിട്ടില്ലെന്നും താരം പറഞ്ഞു. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിശാല്‍.

എന്തിരന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കിയ ഓളം പറഞ്ഞറിയിക്കാനാകാത്തതാണ്. എന്നാല്‍ പിന്നീട് ഞങ്ങള്‍ക്ക് അത് തുടരാന്‍ സാധിച്ചില്ല. മറ്റ് പല ഇന്‍ഡസ്ട്രികളും ഒരുപാട് പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കി അവരുടെ ഇന്‍ഡസ്ട്രിക്ക് റീച്ച് നേടിക്കൊടുത്തു. അത് മാത്രമല്ല, ഈയിടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായ പടങ്ങളെല്ലാം എടുത്തു നോക്കിയാല്‍ ഒരു സാമ്യതയുണ്ട്.

 

ആ പടങ്ങളെല്ലാം അവരുടെ കള്‍ച്ചറിലേക്ക് ആഴ്ന്നിറങ്ങിയ കഥകളാണ്. അത് മറ്റുള്ള ഭാഷയിലുള്ളവര്‍ക്ക് പുതിയൊരു എക്‌സ്പീരിയന്‍സാണ് നല്കുന്നത്. അതാണ് പാന്‍ ഇന്ത്യന്‍ ലെവലില്‍ എല്ലാ പടങ്ങളും ഹിറ്റാകാന്‍ കാരണം. തമിഴ് ഇന്‍ഡസ്ട്രി അതിന്റെ റൂട്ടഡായിട്ടുള്ള കഥകളെ കൈവിട്ടിരിക്കുകയാണ്. പാന്‍ ഇന്ത്യനെന്ന രീതിയില്‍ ഒരുപാട് പടങ്ങള്‍ വരുന്നുണ്ട്.

പക്ഷേ, ചിലരുടെ വിചാരം എല്ലാ ഭാഷയിലുമുള്ള ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നാല്‍ പാന്‍ ഇന്ത്യന്‍ പടമായി എന്നാണ്. അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. നല്ല റൂട്ടഡായിട്ടുള്ള കഥയും അതിനെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്ന സംവിധായകരുമുണ്ടെങ്കില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്,’ വിഷ്ണു വിശാല്‍ പറയുന്നു.

വിഷ്ണു വിശാല്‍ നായകാനയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്യന്‍. നവാഗതനായ പ്രവീണ്‍ കെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. രാക്ഷസന് ശേഷം താരം ഭാഗമാകുന്ന ക്രൈം ത്രില്ലറാണ് ആര്യന്‍. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vishnu Vishal explains why there is no Pan Indian hits in Tamil Cinema