പ്രണവ് മോഹൻലാലിനെ എന്തുകൊണ്ട് ഇന്റർവ്യൂകളിൽ കാണുന്നില്ല? മറുപടിയുമായി നിർമാതാവ് വിശാഖ് സുബ്രമണ്യം
Entertainment news
പ്രണവ് മോഹൻലാലിനെ എന്തുകൊണ്ട് ഇന്റർവ്യൂകളിൽ കാണുന്നില്ല? മറുപടിയുമായി നിർമാതാവ് വിശാഖ് സുബ്രമണ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2024, 3:48 pm

മലയാളത്തിലെ താര പുത്രനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ പ്രണവ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശേഷം ഇറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായി മാറി.

പിന്നീട് വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിൽ എത്തിയ ഹൃദയം എന്ന ചിത്രം വമ്പൻ വിജയമായി . ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന വർഷങ്ങൾക്ക് ശേഷത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

എന്നാൽ താരത്തിന്റെതായി ഒരു ഇന്റർവ്യൂവും ഇത് വരെ വന്നിട്ടില്ല. എന്തുകൊണ്ടാണ് പ്രണവ് മോഹൻലാലിനെ പ്രൊമോഷൻ ഇന്റർവ്യൂവിന് ഒന്നും കൊണ്ട് വരാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിർമാതാവ് വിശാഖ് സുബ്രമണ്യം. തനിക്ക് കൊണ്ട് വരണമെന്ന ആഗ്രഹമുണ്ടെന്നും പക്ഷെ പ്രണവ് വരണ്ടേയെന്നുമായിരുന്നു വൈശാഖിന്റെ മറുപടി. കൈരളി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വിനീതിനും അജുവിനുമൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കൊണ്ടുവരണമെന്ന് ഉണ്ട് പക്ഷേ പുള്ളി വരണ്ടേ. പുള്ളിയോട് വരാൻ ഞാൻ പറയില്ലെന്ന് തോന്നുന്നുണ്ടോ,’ എന്നായിരുന്നു വൈശാഖിന്റെ മറുപടി. ഓരോ ഇന്റർവ്യൂവിന്റെ കമന്റിലും പ്രണവ് മോഹൻലാൽ എന്താ വരാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നതെന്ന ചോദ്യത്തിന് ഈ കമന്റുകൾ പ്രണവും കാണുന്നുണ്ടെന്നും. വരാത്തതിന്റെ കാരണം പ്രണവ് അല്ലേ പറയേണ്ടത് എന്നും വിശാഖ് മറുപടി പറയുന്നുണ്ട്.

സമയം കിട്ടുകയാണെങ്കിൽ ഹിമാലയം വഴി ഒന്ന് പോയാൽ പ്രണവ് മോഹൻലാലിനെ കാണാൻ പറ്റുമെന്ന് തമാശ രൂപേണ വിനീത് ഈ സമയം കൂട്ടിച്ചേർത്തു. ‘എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ ഹിമാലയം വഴി ഒന്ന് പോയി കഴിഞ്ഞാൽ, ഒരു ആറുമാസം അവിടെ ഉണ്ടെങ്കിൽ ഏതെങ്കിലും സീസണിൽ അപ്പുവിനെ കാണാൻ പറ്റും. അപ്പോൾ നേരിട്ട് ചോദിച്ചോളൂ. എന്തേ നീ വന്നില്ല എന്ന്,’ വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

അതേസമയം പ്രണവിനെ ഊട്ടിയിൽ നിന്നും കണ്ടതായ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Content Highlight: Vishak subramanyam about why pranav mohanlal didn’t come to inetrviews