ടോം ആന്‍ഡ് ജെറിയിലും വയലന്‍സ്; അത് ചിരിപ്പിക്കും ചിലപ്പോള്‍ പേടിപ്പെടുത്തും: വിശാഖ് നായര്‍
Malayalam Cinema
ടോം ആന്‍ഡ് ജെറിയിലും വയലന്‍സ്; അത് ചിരിപ്പിക്കും ചിലപ്പോള്‍ പേടിപ്പെടുത്തും: വിശാഖ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st July 2025, 11:36 am

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

ജിത്തു അഷ്റഫിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങി വന്‍വിജയമായി തീര്‍ന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ വിശാഖ് നായര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ സിനിമയിലെ വയലന്‍സ് രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍

സിനിമ സ്വാധീനിക്കുന്നില്ലെന്ന് പറയുന്നത് ഒരുതരം ഒളിച്ചോട്ടമാണെന്നും സിനിമയിലൂടെ എന്തുപറയുന്നു എന്ന കാര്യം പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. ടോം ആന്‍ഡ് ജെറി എന്ന കാര്‍ട്ടൂണിലും വയലന്‍സ് ഉണ്ടെന്നും അത് ചിലപ്പോള്‍ ചിരിപ്പിക്കും, ചിലപ്പോള്‍ പേടിപ്പെടുത്തുന്നതാകുമെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

ഓഫീസര്‍ ഓണ്‍  ഡ്യൂട്ടിയില്‍ ക്രിസ്റ്റിയും ഗ്യാങ്ങും ലഹരി ഉപയോഗിക്കുന്നവരാണെന്നും
ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമ പങ്കുവെക്കുന്ന സന്ദേശം, ലഹരി ഉപയോഗം നല്ലതല്ല എന്നാണെന്നും അവരുടെ പ്രവര്‍ത്തികളെ ഗ്ലോറിഫൈ ചെയ്യുന്നില്ലെന്നും വിശാഖ് നായര്‍ പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ സ്വാധീനിക്കുന്നില്ല എന്ന് പറയുന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സിനിമയിലൂടെ എന്തുപറയുന്നു എന്ന കാര്യവും പ്രധാനമാണ്. ടോം ആന്‍ഡ് ജെറിയിലും വയലന്‍സ് ഉണ്ട്. വയലന്‍സ് ചിലപ്പോള്‍ ചിരിപ്പിക്കും, ചിലപ്പോള്‍ പേടിപ്പെടുത്തും. ചിലപ്പോഴത് സ്വാധീനിക്കുകയും ചെയ്യും. വയലന്‍സ് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനനുസരിച്ചാണ് എല്ലാം. ഓഫീസറില്‍ ക്രിസ്റ്റിയുടെ ഗാങ് അടിപൊളിയാണ്. എന്നാല്‍ അവരെല്ലാം വലിയ രീതിയില്‍ ലഹരി ഉപയോഗിക്കുന്നവരാണ്.

ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. അവസാനം ഇവര്‍ മരണപ്പെടുന്നു. സിനിമ പങ്കുവെക്കുന്ന സന്ദേശം, ലഹരി ഉപയോഗം നല്ലതല്ല എന്നതാണ്. അവരുടെ പ്രവര്‍ത്തികളെ ഗ്ലോറിഫൈ ചെയ്യുന്നില്ല. സിനിമകള്‍ ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കണം എന്ന അഭിപ്രായമില്ല,’ വിശാഖ് നായര്‍ പറയുന്നു.

Content highlight: Vishak Nair talks about violence scenes in movies