തിരുവനന്തപുരം: എന്‍.കെ. പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. യു.ഡി.എഫ് എം.പിയെ വിഷചന്ദ്രന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും,’ എന്ന് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം വലിയ വിവാദമായിരുന്നു.
പൊറോട്ടയും ബീഫും നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതെന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും പ്രേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.
‘രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിനുശേഷം പൊലീസ് വാനില്‍ ആരും കാണാതെ പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയത്,’ എന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ സംസാരിച്ചത്. യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം.
പരാമര്‍ശത്തിന് പിന്നാലെ ഇടത് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് പ്രേമചന്ദ്രനെതിരെ വിമര്‍ശനവുമായി എത്തിയത്. സമൂഹത്തെ ഭിന്നിപ്പിക്കും വിധത്തിലുള്ള പരാമര്‍ശമാണ് പ്രേമചന്ദ്രന്‍ നടത്തിയതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
‘ശുദ്ധ വൃത്തികേടാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ മാത്രം സഹായിക്കുന്ന പ്രസ്താവന, പിന്‍വലിച്ച് മാപ്പ് പറയണം. ഇത്ര വിഷം വമിക്കുന്ന വര്‍ത്തമാനം പറയാന്‍ ആരും ഒന്ന് മടിക്കും. പ്രേമചന്ദ്രന് അത് ഒരു പ്രശ്‌നമായി തോന്നുന്നേ ഇല്ല. കഷ്ടം,’ അഡ്വ. എന്‍. ലാല്‍ കുമാര്‍ പറഞ്ഞു.