പവര്‍ഫുള്‍; വൈറസിലെ 'ആരോഗ്യമന്ത്രി'യുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
പവര്‍ഫുള്‍; വൈറസിലെ 'ആരോഗ്യമന്ത്രി'യുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2019, 6:05 pm

കേരളം നേരിട്ട നിപ എന്ന മഹാവ്യാധിയെയുടെ കഥ പറയുന്ന ചിത്രം, വൈറസിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുന്ന രേവതിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററാണ് വൈറസിന്റെ ഫേസ്ബുക്കിലെ ഒഫീഷ്യല്‍ പേജ് വഴി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന പാര്‍വതി തിരുവോത്തും പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോ പവര്‍ഫുള്‍ എന്ന ക്യാപ്ഷനോടെയാണ് പാര്‍വതി പോസ്റ്റര്‍ പങ്കുവെച്ചത്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുന്ന രേവതിയുടെ മേക്ക് ഓവര്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു. മന്ത്രി കെ.കെ. ശൈലജയുമായി വളരെ സാമ്യം തോന്നുന്ന തരത്തിലാണ് രേവതി ചിത്രത്തിനായി മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

രേവതി, പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ചര്‍ച്ചയായിരുന്നു.

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രഹണം. മുഹ്സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഒ.പി.എം പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 7 ന് വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററില്‍ എത്തും.