'ഭരണമാറ്റം വേണം'; ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍; വെട്ടിലായി രാധിക
national news
'ഭരണമാറ്റം വേണം'; ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍; വെട്ടിലായി രാധിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 9:03 am

ചെന്നൈ: മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ വെട്ടിലായി തമിഴ്‌നാട്ടിലെ വിരുദുനഗര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാധിക ശരത് കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കവെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഭരണ മാറ്റം അത്യാവശ്യമാണെന്ന് രാധിക പറഞ്ഞു.

എന്നാല്‍ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തിന് മറുപടിയായി കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം ഭരണത്തില്‍ വരണമെന്നാണോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. പക്ഷെ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ രാധിക ശരത് കുമാര്‍ പിന്‍വാങ്ങുകയായിരുന്നു.

വിരുദുനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്ന നടി കൂടിയായ രാധിക ശരത് കുമാറിന് എതിരെ മത്സരിക്കുന്നത് ഡി.എം.ഡി.കെ (ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകം) നേതാവും വിജയകാന്തിന്റെ മകനുമായ വിജയ പ്രഭാകരന്‍ ആണ്. അതേസമയം ഡി.എം.കെ സ്ഥാനാര്‍ത്ഥി കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ ആദ്യം പരിഗണിച്ചിരുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ശരത് കുമാറിന്റെ പാര്‍ട്ടി ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ തീരുമാനം രാജ്യത്തിന്റെ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്ന് ലയനത്തില്‍ ശരത് കുമാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വിരുദുനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രചരണത്തിനിടയില്‍ രാധിക പറഞ്ഞിരുന്നു. അടുത്ത കാലങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും രാധിക പറഞ്ഞു.

രാഷ്ട്രീയത്തില്‍ എതിരാളികളുടെ കുറ്റം കണ്ടെത്തുന്നതിന് പകരം ജനങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും നന്മ ചെയ്യാനാണ് താന്‍ ഇവിടെ മത്സരിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും രാധിക ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Virudhunagar NDA candidate Radhika Sarath Kumar interrupted by a mediaperson’s question