2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയെ ഉടന്‍ തന്നെ ഇന്ത്യന്‍ ടി-20 ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വൈഭവ് അര്‍ഹനാണെന്നും വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ വൈഭവിന്റെ പേര് ഉണ്ടാവണമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.
‘ഞാനായിരുന്നു സെലക്ടറെങ്കില്‍ വൈഭവിന്റെ ഈ വര്‍ഷത്തെ പ്രകടനം മാത്രമേ നോക്കൂ. ഏതെങ്കിലും സെലക്ടര്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ അവനെ ഉടനെ ഇന്ത്യന്‍ ടി-20 ടീമില്‍ ഉള്‍പ്പെടുത്തണം. അവന്‍ അതിന് അര്‍ഹനാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ കളിക്കുന്നുണ്ട്. വൈഭവ് അവര്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. അവന്റെ പ്രകടനം ഈ താരങ്ങളേക്കാള്‍ മികച്ചതാണെങ്കില്‍ ടീമില്‍ അവസരം ലഭിക്കണം. അതുകൊണ്ട് അടുത്ത പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ അവന്റെ പേര് ടീമില്‍ ഉണ്ടാവണം,’ സെവാഗ് പറഞ്ഞു.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. നിലവില്‍ ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതുള്ളത് വൈഭവ് തന്നെയാണ്.
കഴിഞ്ഞ ദിവസം രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു വൈഭവ് നടത്തിയിരുന്നത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.
എലിമിനേറ്ററിലും വൈഭവ് സെഞ്ച്വറിക്കരികെ വീണിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. എന്നാല്‍ മൂന്ന് റണ്‍സകലെ താരത്തിന് സെഞ്ച്വറി നഷ്ടമാവുകയായിരുന്നു.
മത്സരത്തില്‍ ഐ.പി.എല്ലില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് സ്വന്തമാക്കാനും വൈഭവിന് സാധിച്ചിരുന്നു. വൈഭവിന്റെ ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് വൈഭവ്. തന്റെ 23ാം ഇന്നിങ്സിലാണ് വൈഭവിന്റെ നേട്ടം. 25 ഇന്നിങ്സുകളില്‍ നിന്നും 1000 റണ്‍സ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനെ മറികടന്നാണ് 15കാരന്റെ കുതിപ്പ്.
അതേസമയം മെയ് 31നാണ് കലാശപ്പോരാട്ടം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്.