ഫോം തുടര്‍ന്നാല്‍ അവനെ അവഗണിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല; പിന്തുണയുമായി സെവാഗ്
Cricket
ഫോം തുടര്‍ന്നാല്‍ അവനെ അവഗണിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല; പിന്തുണയുമായി സെവാഗ്
ശ്രീരാഗ് പാറക്കല്‍
Saturday, 25th April 2026, 1:31 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബെംഗളൂരു സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. പടിക്കല്‍ മികച്ച ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിന് താരത്തെ അവഗണിക്കാന്‍ സാധിക്കില്ലെന്ന് സെവാഗ് പറഞ്ഞു. മറ്റ് കളിക്കാരേക്കാളും മികച്ച ടച്ചിലാണ് പടിക്കലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി കളിക്കാരുണ്ടെന്നും താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ എവിടെയാണ് സ്ഥാനമുള്ളതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം ഈ മികച്ച ഫോമില്‍ തുടര്‍ന്നാല്‍, എല്ലാ ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയ്ക്ക് അദ്ദേഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. മറ്റ് പല കളിക്കാരെക്കാളും ഒരു ടച്ച് ഉയര്‍ന്ന നിലവാരത്തിലാണ് പടിക്കല്‍ ബാറ്റ് ചെയ്യുന്നത്.

ദിനേഷ് കാര്‍ത്തിക് പറയുന്നത് ഇന്ത്യയ്ക്കുവേണ്ടി കളിക്കണമെന്നാണ്! എന്നാല്‍ എല്ലാ സീസണിലും ഇന്ത്യയ്ക്കുവേണ്ടി കളിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി കളിക്കാര്‍ ഉയര്‍ന്നുവരുന്നു. പക്ഷേ ഇന്ത്യന്‍ ടീമില്‍ എവിടെയാണ് ഇടമുള്ളത്? രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്ക് എവിടെയാണ് സ്ഥാനമുള്ളത്. ഇനിയും ധാരാളം കളിക്കാര്‍ ഉണ്ട്.

വൈഭവ് സൂര്യവംശി, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്കും സ്ഥാനമില്ല. റണ്‍സ് നേടുന്ന അഞ്ച് കളിക്കാരുണ്ട്, പക്ഷേ അവര്‍ക്കായി ആരെയാണ് നിങ്ങള്‍ ഒഴിവാക്കുക? എവിടെയാണ് സ്ഥലം?,’ വിരേന്ദര്‍ സെവാഗ് ക്രിക്ക്ബസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബിയുടെ വിജയം. 27 പന്തില്‍ രണ്ട് ഫോറും ആറ് കൂറ്റന്‍ സിക്‌സുമുള്‍പ്പെടെ 55 റണ്‍സാണ് പടിക്കല്‍ നേടിയത്. സൂപ്പര്‍ സിക്‌സ് അവാര്‍ഡും താരത്തിനായിരുന്നു. 203.70 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. അതേസമയം 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്.

ഗുജറാത്തിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്.

Content Highlight: Virender Sehwag Talking Supports RCB Player Devdutt Padikkal

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ