സഞ്ജുവും ഗെയ്ക്വാദും സ്‌പോടനാത്മക താരങ്ങളല്ല: വിരേന്ദര്‍ സേവാഗ്
Cricket
സഞ്ജുവും ഗെയ്ക്വാദും സ്‌പോടനാത്മക താരങ്ങളല്ല: വിരേന്ദര്‍ സേവാഗ്
ഫസീഹ പി.സി.
Friday, 22nd May 2026, 11:56 am

2026 ഐ.പി.എല്ലില്‍ നിന്ന് പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോഡിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും മറ്റ് ടീമുകളിലെ ഓപ്പണര്‍മാരെ പോലെ സ്‌പോടനാത്മക താരങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ ഓപ്പണര്‍മാരുടെ പവര്‍ പ്ലേ സ്‌കോറുകള്‍ വളരെ സാധാരണമാണെന്നും ഇത് ഫോമില്ലാത്ത മധ്യനിരക്ക് വലിയ ഭാരമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.

വിരേന്ദര്‍ സേവാഗ്.

‘രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശിയും യശസ്വി ജെയ്സ്വാളിനെയും പോലെയോ പഞ്ചാബ് കിങ്‌സിന്റെ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും പോലെയോ ഉള്ള താരങ്ങളെ ചെന്നൈ ടോപ് ഓര്‍ഡറില്‍ നിലനിര്‍ത്തണം. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ഒരു പോലെയാണ്.

അവര്‍ പവര്‍പ്ലേയില്‍ തന്നെ കളി തീര്‍ക്കാന്‍ കെല്‍പ്പുള്ള അത്ര സ്‌പോടനാത്മക ബാറ്റിങ് നടത്തുന്നവരല്ല. അവരുടെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍ 70 റണ്‍സായിരിക്കാം. അല്ലാത്തപ്പോഴെല്ലാം പവര്‍ പ്ലേ വളരെ സാധാരണമായിരുന്നു. പലപ്പോഴും 50 – 60 റണ്‍സില്‍ ഒതുങ്ങാറാണ് പതിവ്.

ഇത് ഫോമില്ലാത്ത മധ്യ നിരയ്ക്ക് ഭാരം നല്‍കുകയാണ്. അതിനാല്‍ ടോപ്പ് ത്രീയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന് ചെന്നൈ ആലോചിക്കണം,’ സേവാഗ് പറഞ്ഞു.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും. Photo: Johns/x.com

ഐ.പി.എല്‍ 2026ല്‍ സഞ്ജുവും ഗെയ്ക്വാദും 14 മത്സരങ്ങളിലാണ് ചെന്നൈക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയത് ഒരിക്കല്‍ മാത്രമാണ് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം. ഈ ജോഡിക്ക് 25.84 എന്ന ശരാശരി മാത്രമാണുള്ളത്.

Content Highlight: Virender Sehwag says that Sanju Samson and
Ruturaj Gaikwad are not such explosive batters like other openers in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി