കളി ജയിച്ച് ക്വാളിഫയറില്‍ കയറിയിട്ടും വിമര്‍ശനം; രോഹിത് ശര്‍മക്കെതിരെ സേവാഗ്
IPL
കളി ജയിച്ച് ക്വാളിഫയറില്‍ കയറിയിട്ടും വിമര്‍ശനം; രോഹിത് ശര്‍മക്കെതിരെ സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 8:42 pm

ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിച്ച് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. ചെപ്പോക് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിനാണ് രോഹിത്തും സംഘവും തകര്‍ത്തുവിട്ടത്.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളാണ് ലഖ്‌നൗവിന്റെ നടുവൊടിച്ചത്. കളിയിലെ താരവും മധ്വാള്‍ തന്നെ.

എന്നാല്‍ മത്സരത്തില്‍ രോഹിത് ശര്‍മയെടുത്ത തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. ഹൃതിക് ഷോകീനിന് പവര്‍ പ്ലേയിലെ അവസാന ഓവര്‍ നല്‍കിയതിനെയാണ് സേവാഗ് വിമര്‍ശിച്ചത്.

‘മാര്‍കസ് സ്‌റ്റോയിനിസ് സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ ആറാം ഓവര്‍ ഹൃതിക് ഷോകീനിന് നല്‍കിയ രോഹിത് ശര്‍മയുടെ തീരുമാനം ഏറെ അസ്വസ്ഥതയുണ്ടാക്കി. അവനൊരു യുവതാരമാണ്. മാര്‍കസ് സ്റ്റോയിനിസാകട്ടെ റണ്ണടിച്ചുകൂട്ടാന്‍ ഇവനെ പോലുള്ള ഒരു ബൗളറെയാണ് നോക്കിയിരുന്നത്.

 

ഹൃതിക് ഷോകീനിന് പവര്‍ പ്ലേക്ക് ശേഷമുള്ള ഓവര്‍ നല്‍കണമായിരുന്നു. ആ ഓവര്‍ പിയൂഷ് ചൗളയെ പോലുള്ള അനുഭവ സമ്പത്തുള്ള താരത്തിന് നല്‍കണമായിരുന്നു,’ സേവാഗ് പറഞ്ഞു.

ഈ വിജയത്തിന് പിന്നാലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെയാണ് മുംബൈക്ക് നേരിടാനുള്ളത്. മെയ് 26ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം മെയ് 28ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്.

 

 

Content Highlight: Virender Sehwag criticizes Rohit Sharma