'ഗംഭീര്‍ പിച്ചാത്തിയെടുത്തു, പിന്നെ ഞാന്‍ ഡഗ് ഔട്ടിലേക്ക് പോയില്ല';ഉപദ്രവം മാത്രം ചെയ്ത ഹൂഡക്ക് ട്രോള്‍ മഴ
IPL
'ഗംഭീര്‍ പിച്ചാത്തിയെടുത്തു, പിന്നെ ഞാന്‍ ഡഗ് ഔട്ടിലേക്ക് പോയില്ല';ഉപദ്രവം മാത്രം ചെയ്ത ഹൂഡക്ക് ട്രോള്‍ മഴ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 6:57 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് കുതിച്ചിരുന്നു. ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ 81 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ലഖ്‌നൗവിന് നേരിടേണ്ടി വന്നത്.

കഴിഞ്ഞ സീസണിന്റെ തനിയാവര്‍ത്തനമായിരുന്നു ഈ സീസണിലും ലഖ്‌നൗവിനുണ്ടായത്. ഐ.പി.എല്‍ 2022ലും മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ച സൂപ്പര്‍ ജയന്റ്‌സ് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു.

ബാറ്റര്‍മാര്‍ പരാജയമായതാണ് ലഖ്‌നൗവിന്റെ പരാജയം വേഗത്തിലാക്കിയത്. സ്റ്റാര്‍ ബാറ്റര്‍മാര്‍ പോലും സ്‌കോര്‍ കണ്ടെത്താന്‍ വിഷമിച്ചതോടെ സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സിന്റെ വേഗവും കുറഞ്ഞു. ഇതിനിടെ പിറന്ന റണ്‍ ഔട്ടുകളും ക്രുണാലിന്റെയും സംഘത്തിന്റെയും പതനം വേഗത്തിലാക്കി.

മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ മാര്‍കസ് സ്‌റ്റോയിനിസിന്റെ റണ്‍ ഔട്ടിന് പിന്നാലെയാണ് ലഖ്‌നൗ തോറ്റുതുടങ്ങിയത്. ആ ഡിസിമിസ്സലിന് കാരണമായതാകട്ടെ ദീപക് ഹൂഡയും.

റണ്ണിങ്ങിനിടെ നടന്ന മിസ് കമ്മ്യൂണിക്കേഷനും കൂട്ടിയിടിയുമാണ് സ്റ്റോയിനിസിന്റെ പുറത്താവലില്‍ കലാശിച്ചത്.

അശ്രദ്ധമായ മറ്റൊരു റണ്‍ ഔട്ടിലൂടെ ഹൂഡ തന്റെ വിക്കറ്റും വലിച്ചെറിഞ്ഞു. ഹൂഡയുടെ വിക്കറ്റും വീണതോടെ ബാക്കിയെല്ലാം ചടങ്ങ് മാത്രമായി. ഒടുവില്‍ 21 പന്ത് ബാക്കി നില്‍ക്കെ സൂപ്പര്‍ ജയന്റ്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ദീപക് ഹൂഡക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ്. മര്യാദക്ക് കളിക്കുകയും ഇല്ല, വൃത്തിക്ക് കളിക്കുന്നവരെ തെരഞ്ഞ് പിടിച്ച് കുരുതി കൊടുക്കുകയും ചെയ്യുന്നു, അംബാനിയുടെ കയ്യില്‍ നിന്നും പൈസ വാങ്ങിയത് തന്നെ, ലഖ്‌നൗ മാനേജ്‌മെന്റിന്റെ അഞ്ചേകാല്‍ കോടി രൂപ വെള്ളത്തിലായി തുടങ്ങി താരത്തിനെതിരെ വിമര്‍ശനങ്ങള്‍ കനക്കുകയാണ്.

 

 

 

 

 

ഈ സീസണില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ ഹൂഡക്ക് സാധിച്ചിട്ടില്ല. കളിച്ച 12 മത്സരത്തില്‍ നിന്നും 7.64 എന്ന ആവറേജിലും 93.33 എന്ന സ്‌ട്രൈക്ക് റേറ്റിലും 84 റണ്‍സാണ് താരം നേടിയത്. അടുത്ത സീസണില്‍ ഹൂഡ ടീമിനൊപ്പം ഉണ്ടാകുമോ എന്ന് കണ്ടറിയണമെന്നാണ് ആരാധകര്‍ പറയുന്നത്.

 

 

Content Highlight: Trolls against Deepak Hooda