ഒരുത്തന്‍ മാത്രം റണ്‍സ് നേടിയിട്ട് കാര്യമില്ല, മറ്റുള്ളവരും ചിന്തിക്കണ്ടേ... തുറന്നടിച്ച് വിരേന്ദര്‍ സെവാഗ്
Cricket
ഒരുത്തന്‍ മാത്രം റണ്‍സ് നേടിയിട്ട് കാര്യമില്ല, മറ്റുള്ളവരും ചിന്തിക്കണ്ടേ... തുറന്നടിച്ച് വിരേന്ദര്‍ സെവാഗ്
ശ്രീരാഗ് പാറക്കല്‍
Friday, 24th April 2026, 1:46 pm

മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈക്ക് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ചെന്നൈയെ എല്ലാവരും പ്രശംസിക്കുന്നുണ്ടെങ്കിലും ഒരു ബാറ്റര്‍ മാത്രമാണ് ടീമിന് വേണ്ടി സ്‌കോര്‍ നേടുന്നതെന്ന് സെവാഗ് പറഞ്ഞു. ചെന്നൈക്ക് ഒരു ബാറ്ററെ മാത്രം ആശ്രയിക്കാന്‍ സാധിക്കില്ലെന്നും മറ്റ് താരങ്ങളും റണ്‍സ് നേടണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉത്തരവാദിത്തത്തോടെ മികച്ച ഇന്നിങ്‌സാണ് സഞ്ജു കളിച്ചതെന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘ചെന്നൈയെ ഇപ്പോള്‍ ഞങ്ങളെല്ലാവരും പ്രശംസിക്കുന്നുണ്ട്, പക്ഷേ ഇപ്പോള്‍ ഒരു ബാറ്റര്‍ മാത്രമാണ് റണ്‍സ് നേടുന്നത്. അദ്ദേഹം പരാജയപ്പെടുകയും മറ്റുള്ളവര്‍ മറ്റുള്ളവര്‍ റണ്‍സ് നേടാതിരിക്കുകയും ചെയ്താല്‍, അവര്‍ വീണ്ടും പഴയതുപോലെ ആകും. നിങ്ങള്‍ക്ക് ഒരു ബാറ്ററെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. ആയുഷ് മാഹ്‌ത്രെ റണ്‍സ് നേടുകയായിരുന്നു, പക്ഷേ അദ്ദേഹം പുറത്താണ്. ഗെയ്ക്വാദ്, ദുബെ, ബ്രെവിസ് എന്നിവര്‍ ഫോമിലേക്ക് വരുമെന്നും സാംസണെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കാം.

ഒന്നെങ്കില്‍ അവന്‍ 10 റണ്‍സിനുള്ളില്‍ പുറത്താകും, അല്ലെങ്കില്‍ ഒരു മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്‌കോറുകള്‍ നേടും. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മാറ്റം കൊണ്ടുവരാന്‍ അവന് സാധിക്കും. ഈ മത്സരത്തില്‍ (മുംബൈക്കെതിരായ മത്സരത്തില്‍) വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു, അതിനാല്‍ അവന് കുറച്ച് ഉത്തരവാദിത്തത്തോടെയും കളിക്കേണ്ടി വന്നു. അത് ഒരു മികച്ച ഇന്നിങ്‌സായിരുന്നു. അവന്‍ നിശബ്ദമായി തന്റെ ജോലി ചെയ്തു,’ സെവാഗ് ക്രിക്ക്ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

Photo: IndianPremierLeague/x.com

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു യെല്ലോ ആര്‍മി സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

അതേസമയം ഏപ്രില്‍ 26ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: Virendar Sehwag Talking About Sanju Samson And Chennai Super Kings Batters

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ