ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെയും സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയെയും കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. അഭിഷേക് ശര്‍മ ലോകകപ്പില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയതെന്നും താരത്തെ പിന്തുണയ്ക്കുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെയും പിന്തുണയ്ക്കണമെന്ന് സെവാഗ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും അദ്ദേഹം ഫ്‌ളാറ്റ് വിക്കറ്റുകളില്‍ പരാജയപ്പെട്ടെങ്കിലും ഒരു വിക്കറ്റ് നേടിയിട്ടുണ്ടെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

അഭിഷേക് ശര്‍മ- Photo: BCCI

‘അഭിഷേക് നന്നായി കളിക്കുന്നില്ല, നിങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ ഒരു ബൗളറേയും പിന്തുണയ്‌ക്കേണ്ടി വരും. ആളുകള്‍ക്ക് വിമര്‍ശിക്കുന്ന ശീലമുണ്ട്. ഒരു അര്‍ധസെഞ്ച്വറി മാത്രം നേടിയ ബാറ്റര്‍ തുടരുന്നുണ്ടെങ്കില്‍, വരുണിനെ മാറ്റണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും അദ്ദേഹം ഫ്‌ളാറ്റ് വിക്കറ്റുകളില്‍ പരാജയപ്പെട്ടു, പക്ഷേ അദ്ദേഹം ഒരു വിക്കറ്റ് നേടിയ കാര്യം മറക്കരുത്. ചില ബൗളര്‍മാര്‍ ഒരുപാട് എക്‌സ്പന്‍സീവാണ്. അവര്‍ വിക്കറ്റ് പോലും എടുക്കുന്നില്ല,’ സെവാഗ് ക്രിക്ക്ബസില്‍ പറഞ്ഞു.

വരുണ്‍ ചക്രവര്‍ത്തി

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരത്തില്‍ നിന്നും 13 വിക്കറ്റുകളാണ് വരുണ്‍ സ്വന്തമാക്കിയത്. 28 ഓവറുകള്‍ ചെയ്ത താരം 8.86 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞത്. ടൂര്‍ണമെന്റില്‍ 248 റണ്‍സാണ് താരം നേടിയത്.

അഭിഷേക് ശര്‍മ കളിച്ച ഏഴ് ഇന്നിങ്‌സില്‍ നിന്ന് 12.71 എന്ന ആവറേജില്‍ 89 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 55 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമെന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Content Highlight: Virendar Sehwag Talking About Avhishek Sharma And Varun Chakravarthy